രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യത്തെ ഏഴെണ്ണവും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ ഏഴ് സ്ഥാനങ്ങളും കരസ്ഥമാക്കി കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു.

മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്ന തിരുവനന്തപുരം പൂഴനാട് (സ്‌കോര്‍: 99), മലപ്പുറം ചാലിയാര്‍ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂര്‍ കൊട്ടിയൂര്‍ (92), തൃശൂര്‍ മുണ്ടൂര്‍ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടുന്നത്.

55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ദേശീയ ഗുണനിലവാര അംഗീകാരം രണ്ടാം തവണയാണ് കേരളം കരസ്ഥമാക്കുന്നത്. രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡിന് പരിഗണിക്കുന്നത്.