വാഹനറജിസ്‌ട്രേഷന്‍ ഫീസ് കൂട്ടുന്നതിന്റെ കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നു. പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് 20 ഇരട്ടി കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു.

റജിസ്‌ട്രേഷന്‍ ഫീസ് കൂട്ടുന്നതിനോടൊപ്പം 15 വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കുന്നതിനു പകരം ആറു മാസത്തില്‍ ഒരിക്കല്‍ ആക്കാനും ഇതിന്റെ ഫീസ് വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്.

അതേ സമയം എട്ടു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തേക്കും അതില്‍ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചു കളഞ്ഞതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് റജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല.

കൂടാതെ ബസുകളില്‍ വീല്‍ ചെയര്‍ കയറ്റാനുള്ള സൗകര്യമടക്കം അംഗപരിമിതര്‍ക്കു കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് ഇരട്ടിയിലേറെ ആക്കാനപം നിര്‍ദ്ദേശമുണ്ട്.

വിജ്ഞാപനത്തിനെതിരെ പ്രതികരിക്കാനുള്ള അവസരം 30 ദിവസം നല്‍കിയിട്ടുണ്ട്. വിജ്ഞാപനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും jspbmorth@gov.in. എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാന്‍ സാധിക്കും.