മുംബൈ: ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.എന്നാല്‍ ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം.
പക്ഷേ ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ് ഇന്നും രക്ത സാമ്പിള്‍ നല്‍കില്ലെന്നാണ് പുറത്ത്വരുന്ന റിപ്പോര്‍ട്ടുകള്‍. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു.അതേസമയം കേസ് അവസാനിപ്പിക്കാന്‍ യുവതിയുമായി ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.