ബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനായ വി.ജി സിദ്ധാര്‍ഥിനെ പുഴയില്‍ വീണ് കാണാതായി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനാണ് ഇദ്ദേഹം. തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ നേത്രാവദി പുഴയിലാണ് കാണാതായത്. നേത്രാവദി പുഴയ്ക്കു കുറുകെയുള്ള പാലത്തിലാണ് സിദ്ധാര്‍ഥിനെ അവസാനമായി കണ്ടത്. പുഴയിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. കാറില്‍ വീട്ടിലേക്കുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാലത്തില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട സിദ്ധാര്‍ഥ് അല്‍പ്പസമയത്തിനകം എത്താമെന്നു പറഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷവും തിരികെ എത്താതെയായതോടെ ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഊര്‍ജിത അന്വേഷണത്തിന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നിര്‍ദേശം നല്കി. എസ്.എം കൃഷ്ണയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതി കമ്പനിയുടെ ഉടമയാണ് സിദ്ധാര്‍ഥ്. 2017 സെപ്റ്റംബറില്‍ ആദായനികുതിവകുപ്പ് സിദ്ധാര്‍ഥിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. സിദ്ധാര്‍ഥിന്റെ കമ്പനിക്ക് 7000 കോടിയോളം ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു.