ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി; ഏഴ് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍ക്കുട്ടിക്ക് സംഭവിച്ച വാഹനപകട കേസില്‍ ഏഴ് ദിവസം കൊണ്ട് അന്വേഷണം പുര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. ഈ കേസില്‍ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. പെണ്‍കുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റീസ് വിവരം ആരാഞ്ഞു. പെണ്‍ക്കുട്ടി നിലവില്‍ വെന്റിലേറ്ററിലാണെന്ന് തുഷാര്‍ മെഹ്ത മറുപടി നല്‍കി.

എത്ര ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഒരു മാസമെടുക്കുമെന്നാണ് തുഷാര്‍ മെഹ്ത മറുപടി നല്‍കിയത്. എന്നാല്‍ അത് നടക്കില്ലെന്നും ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും രഞ്ജന്‍ ഗോഗോയ് നിര്‍ദ്ദേശം നല്‍കി. ഉന്നാവ് പെണ്‍ക്കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടേയും വിധി വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.