അയോധ്യ മധ്യസ്ഥ ചര്‍ച്ച പരാജയം; റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക കേസില്‍ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ തമ്മില്‍ യോജിപ്പിലെത്തിക്കാന്‍ സമിതിക്കായിട്ടില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാണ് മൂന്നംഗ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 155 ദിവസം ചര്‍ച്ച നടത്തിയിട്ടും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്ന് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും പരഗിണിക്കുക. പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന അയോധ്യ ഭൂമിതര്‍ക്കത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടി മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഖലീഫുള്ളയ്ക്ക് പുറമേ ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട സമിതിയാണ് രഹസ്യമായി മധ്യസ്ഥചര്‍ച്ചകള്‍ നടത്തുന്നത്.

നാലര മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, ഡി.വൈ.ചന്ദ്രചൂഡ്,അശോക് ഭൂഷന്‍,എസ്.അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ടതാണ് ഭരണഘടനാ ബെഞ്ച്. ചര്‍ച്ച പരാജയപ്പെട്ടെന്ന് മധ്യസ്ഥ സമിതി അംഗീകരിക്കുകയാണെങ്കില്‍ കേസില്‍ വാദം തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടേക്കും.മധ്യസ്ഥചര്‍ച്ചയില്‍ ഫലം കാണുന്നില്ലെന്നും കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ഗോപാല്‍ സിങ് വിശാരദ് രംഗത്തെത്തിയിരുന്നു.