കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനക്രമീകരണം; ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ നിര്‍ത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ നിര്‍ത്തിക്കൊണ്ട് ഞാറാഴ്ച മുതല്‍ പുനക്രമീകരിക്കുന്നു. ഇനി മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള സര്‍വ്വീസുകളായിട്ടായിരിക്കും ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വ്വീസ് നടത്തുക. ഇതോടെ പ്രതിമാസം അഞ്ചു കോടി രൂപയോളം ചിലവ് കുറക്കാമെന്നാണ് കെഎസ്ആര്‍ടിയുടെ വിലയിരുത്തല്‍.

20 ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകളുള്ള തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നുള്ള വണ്ടികള്‍ ഇനിമുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേക്കുള്ള സര്‍വ്വീസുകള്‍ മാത്രമായിരിക്കും നടത്തുക. കുമളിയിലേക്കുള്ള സര്‍വ്വീസ് അവസാനിപ്പിക്കും. അതു പോലെ നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്ത് അവസാനിക്കും.

തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും പുനക്രമീരണത്തോടെ അവസാനിപ്പിക്കും. പീക്ക് ടൈമില്‍ എന്‍എച്ച്, എംസി റോഡുകള്‍ വഴി അഞ്ചുമിനിറ്റ് ഇടവിട്ടും അല്ലാത്തസമയം 20 മിനിട്ട് ഇടവിട്ടും ഫാസ്റ്റ് പാസഞ്ചറുകളുണ്ടാകും. ദീര്‍ഘദൂര റൂട്ടുകളില്‍ നിന്ന് ഫാസ്റ്റുകള്‍ പിന്‍വലിക്കുന്നതോടെ 72,000 കിലോമീറ്റര്‍ ഒരു ദിവസം കുറയ്ക്കാനാകും എന്നാണ് കെഎസ്ആര്‍ടിസിയുടെ കണട്ടുകൂട്ടല്‍. ഇതുവഴി 180 ബസുകള്‍ ലാഭിക്കാം. പ്രതിമാസം വരുമാനനഷ്ടം ഇല്ലാതെ പരമാവധി അഞ്ചു കോടിയോളം രൂപ ചെലവ് കുറയ്ക്കുകയും ചെയ്യാമെന്നും കെഎസ്ആര്‍ടിസി പറയുന്നു.