തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം. അമിത വേഗതയില്‍ എത്തിയ വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാമിനൊപ്പം വനിതാ സുഹൃത്ത് വഫ ഫിറോസും ഉണ്ടായിരുന്നു. വഫയുടെ കാറിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം.