മാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ

 

തിരുവനന്തപുരം; സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സാക്ഷി മൊഴി. ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ ഷഫീക്ക്, മണികുട്ടന്‍ എന്നിവര്‍ വെളിപ്പെടുത്തി.

വെള്ളയമ്പലത്ത് വെച്ച് ഓട്ടോ ഡ്രൈവറായ ഒരു ദൃക്സാക്ഷിയുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്താണ് ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ പോയത്. അമിതവേഗത്തിലായിരുന്ന കാര്‍ തെന്നിമാറി എതിര്‍ദിശയില്‍ നിന്ന് വന്ന മാധ്യപ്രവര്‍ത്തകന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി ഷഫീക്ക് പറഞ്ഞു.

കാര്‍ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അപകടം നടന്ന സമയത്ത് താനല്ല കാര്‍ ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞിരുന്നത്.