ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് ശ്രമം; അഞ്ചു പേരെ വധിച്ചു ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് പാകിസ്ഥാന്‍ ഭീകരരെ 36 മണിക്കൂര്‍ ഏറ്റുമുട്ടലിലൂടെ ഇന്ത്യന്‍ സൈന്യം സാഹസികമായി വധിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണ് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. സൈന്യം വധിച്ച നാല് നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ശക്തമായ വെടിവയ്പ് തുടരുന്നതിനാല്‍ ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങള്‍ പാക് സൈന്യത്തിന് അവിടെ നിന്നും നീക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ ശനിയാഴ്ച്ച വൈകിട്ട് എട്ടോടെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലുണ്ടായ പാക് പ്രകോപനത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു അതിനിടെയാണ് നുഴഞ്ഞു കയറ്റശ്രമം.

അമര്‍നാഥ് തീര്‍ത്ഥാടകരെ ഉന്നമിട്ട് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തീര്‍ഥാടകരും വിനോദസഞ്ചാരികളും എത്രയും വേഗം കശ്മീര്‍ വിട്ടുപോകണമെന്ന നിര്‍ദ്ദേശവുമായി സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചു. അമര്‍നാഥ് തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.