മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സൂചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

മുല്ലപ്പെരിയാർ ഡാമിലെ അപകട സൂചനാ സംവിധാനങ്ങള്‍ നിലച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി
അപകട സൂചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതെ മുല്ലപ്പെരിയാർ ഡാം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സൂചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സംവിധാനമാണ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണെന്ന് വാര്‍ത്ത വരുന്നത്. സംസ്ഥാനത്ത് മഴ ശക്തമായതോടെ അണക്കെട്ട് നിറയുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മഴ ശക്തമായാല്‍ അണക്കെട്ട് നിറയുമെന്നും റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് അപകട ഭീതി ഉണ്ടെങ്കിലും യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ഇതുവരെയും നടപടി ആയിട്ടില്ല.

മഴ കനത്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണ ശേഷിയായ 142 അടിയിലേക്ക് ദിവസങ്ങള്‍ കൊണ്ടെത്തും. എന്നാല്‍ അപകട സൂചനാ സംവിധാനങ്ങള്‍ നിലച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ജലനിരപ്പ് 136 അടിയിലെത്തുമ്പോള്‍ കളക്ടറുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ മുല്ലപ്പെരിയാര്‍- വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫീസ് മഞ്ചുതല, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നീ പ്രദേശങ്ങളില്‍ ‘ഏളി വാണിങ് സിസിറ്റം’ സ്ഥാപിച്ചിരുന്നെങ്കിലും അധികം പ്രവര്‍ത്തിക്കുകയുണ്ടായില്ല.

എന്നാല്‍ ഇതുവരെയും അപകട സൂചനാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ തകരാറ് പരിഹരിക്കുന്നതിനോ പുതിയ സംവിധാനങ്ങള്‍ കൊണ്ടു വരുന്നതിനോ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുമ്പോള്‍ പെരിയാര്‍ തീരങ്ങളിലൂടെയുള്ള റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും എസ്റ്റേറ്റുകളിലെ ഗേറ്റുകള്‍ തുറന്നിടുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും എടുത്ത തീരുമാനങ്ങളും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.