സൈബർ വിപണികൾ വ്യാപകമായ ഇന്ന് നമ്മളിൽ പലരുടേയും ഷോപ്പിങ് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള സൈറ്റുകളിലൂടെയായി മാറി. ഓർഡർ ചെയ്യുന്നതിനോടൊപ്പം നൽകുന്ന ഫോൺ നമ്പറിൽ വിളിച്ച് ലൊക്കേഷൻ അന്വേഷിച്ചാണ് ഡെലിവറി ബോയ്സ് സാധനങ്ങൾ നമ്മൾക്ക് എത്തിക്കുന്നത്.
എന്നാൽ ഈ ലൊക്കേഷൻ പറയൽ അത്രയെളുപ്പമല്ല താനും. അമ്പലത്തിലെ താഴേക്കുള്ള വഴിയിൽ ഇടതുവശത്തെ രണ്ടാമത്തെ വീട്, ട്രാൻസ്ഫോർമറിന് എതിർവശം എന്നൊക്കെ പറഞ്ഞാണ് പ്രശ്നം പരിഹരിച്ചു പോന്നിരുന്നത്. നഗര, ഗ്രാമ പ്രദേശങ്ങളിൽ ഇത്തരം ഐഡൻറിറ്റി മാർക്കുകൾ പറയാൻ എളുപ്പമെങ്കിലും വിജനമായ പ്രദേശങ്ങളിലേക്ക് എത്തുന്നതോടെ മറുതലയ്ക്കൽ ഉള്ള ആൾക്ക് മനസ്സിലാക്കുന്ന അടയാളങ്ങൾ തീർത്തും കുറവായിരിക്കും.
എന്തിനാണ് ഇങ്ങനെ വഴി പറഞ്ഞു കഷ്ടപ്പെടുന്നത്?
ബഹുഭൂരിപക്ഷം ആളുകളുടെയും കയ്യിൽ ഉള്ള ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾ വഴി ജിപിഎസ് ലൊക്കേഷൻ ഷെയർ ചെയ്താൽ പോരെ എന്ന ചോദ്യം പ്രസക്തമാണ്. എന്താണ് ജിപിഎസ് സാങ്കേതികവിദ്യ എന്ന് നമ്മളിൽ പലർക്കും അറിയാം. ഭൂമിക്ക് ലംബമായും തിരശ്ചീനമായും നാം രേഖപ്പെടുത്തി പോരാറുള്ള അക്ഷാംശ- രേഖാംശ രേഖകൾ സംഗമിക്കുന്ന ഓരോ ബിന്ദുവും നമുക്ക് ജിപിഎസ് ലൊക്കേഷൻ വഴി തിരിച്ചറിയാം. പക്ഷേ ഇത്ര ഡിഗ്രി ഈസ്റ്റ് എന്നും ഇത്ര ഡിഗ്രി നോർത്ത് എന്നും ഓർത്തു വയ്ക്കുക പ്രയാസമാണ്. പ്രത്യേകിച്ച് ദശാംശത്തിനു ശേഷം മൂന്നും നാലും സംഖ്യകൾ വരുമ്പോൾ.
ഇതിനൊരു പരിഹാരം എന്നോണം ആണ് ക്രിസ് ഷെൽട്രിക്ക്, ജാക്ക് വാലി കോഹൻ, മോഹൻ ഗണേശ ലിംഗം, മൈക്കിൾ ഡെൻ എന്നിവർ ചേർന്ന് “വാട്ട് ത്രീ വേർഡ്സ്” എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യ 2013ൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ എല്ലാ സ്ഥലവും മൂന്നു മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ചതുരങ്ങൾ ആയി തിരിച്ച് എല്ലാ ചതുരത്തിനും മൂന്നു വാക്കുകൾകൊണ്ട് പേരിട്ടു. ഇങ്ങനെ 57 ട്രില്യൻ സ്ഥലങ്ങളായി ഭാഗിച്ചാണ് കമ്പനി പേരുകൾ നൽകിയിരിക്കുന്നത്. ഒരു ഭാഷയിൽ 57 ട്രില്യൻ വാക്കുകളൊക്കെ ഉണ്ടായിരിക്കുമോ എന്നു സംശയം ഉണ്ടായേക്കാം. എന്നാൽ ഈ മൂന്നു വാക്കുകളുടെ അനന്തമായ പെർമ്യൂട്ടേഷൻ വഴി അത് സാധ്യമാകുക തന്നെ ചെയ്യും എന്നതാണ് സത്യം. അതായത് നിങ്ങൾ ലോകത്തിൽ എവിടെ ആണെന്ന് അറിയാൻ മനോഹരമായ മൂന്ന് വാക്കുകൾ മാത്രം മതി. നീ എവിടെയാണുള്ളത് എന്ന് ചോദിക്കുന്ന ഒരാളോട്, smile . hope . peace എന്നു പറയുന്നത് എത്ര എളുപ്പമാണെന്ന് ആലോചിക്കേണ്ടതു തന്നെയാണ്. നിലവിൽ 41 ഭാഷകളാണ് നമുക്ക് ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്. ഹിന്ദിയും തമിഴും ഉണ്ടെങ്കിലും മലയാളം ഈ പട്ടികയിൽ എത്തിയിട്ടില്ല.
“വാട്ട് ത്രീ വേർഡ്സ്” എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം സെർച്ച് ചെയ്യാം. അത് മാപ്പിൽ കാണിക്കുകയും അവിടെ കാണപ്പെടുന്ന സമചതുരത്തിൽ സ്പർശിച്ചാൽ മൂന്ന് വേർഡ് അഡ്രസ് വരും. ഇതാണ് നിങ്ങളുടെ ലൊക്കേഷൻ തിരിച്ചറിയാനുള്ള മൂന്നു വാക്കുകൾ. ലോകത്തിൽ എവിടെയിരുന്നു നോക്കുന്ന ആൾക്കും ലഭിക്കുന്നത് ഒരു സ്ഥലത്തിന് ഒരേ വാക്കുകൾ തന്നെയായിരിക്കും. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ ബാധിക്കുമ്പോൾ പോലും ഇത് വളരെ ഉപകാരപ്രദമാണ്. തങ്ങൾ ഒറ്റപ്പെട്ടു കഴിയുന്നത് കൃത്യമായി ഏതു പ്രദേശത്താണ് എന്ന് രക്ഷാപ്രവർത്തകർക്ക് വിവരം നൽകിയാൽ ദുരന്തനിവാരണ സേനയുടെ പ്രവർത്തനം വേഗത്തിലാക്കാൻ കഴിയും എന്നത് ഇതിൻറെ ഒരു മികച്ച നേട്ടമാണ്.
വെള്ളപ്പൊക്ക കാലത്ത് ഒറ്റപ്പെട്ടവരുടെ യഥാർത്ഥ ലൊക്കേഷൻ ഏതെന്നു തിരിച്ചറിയുക രൂക്ഷമായ ഒരു പ്രശ്നമായിരുന്നു. എന്നാൽ ദുരന്തമുഖങ്ങളിൽ മാത്രമല്ല ദൈനംദിന ജീവിതത്തിലും ഇത് ഉപയോഗപ്പെടുത്താനാവും. ഒരുപക്ഷേ നിലവിൽ നമ്മൾ ഉപയോഗിക്കുന്ന വഴികളേക്കാൾ എളുപ്പത്തിൽ. ഇന്ന് യൂറോപ്യൻ, മംഗോളിയൻ രാജ്യങ്ങൾ ഉൾപ്പടെ പലയിടങ്ങളിലും ഇത് ഉപയോഗിക്കുന്നവർ നിരവധിയാണ്.
നിങ്ങളുടെ വീടിരിക്കുന്ന പ്രദേശത്തിനെ കുറിക്കുന്ന ആ മൂന്ന് വാക്കുകൾ ഏതൊക്കെയാണ് എന്നറിയാൻ നിങ്ങൾക്കും ആകാംക്ഷ ഉള്ളവർക്ക് പ്ലേസ്റ്റോറിൽ നിന്ന് 50 എംബി വരുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു വിവരങ്ങൾ ശേഖരിക്കാവുന്നതാണ് https://play.google.com/store/apps/details?id=com.what3words.android ഐഒഎസിൽ 92.7 എംബിയാണ് ഇത് ഡൌൺലോഡ് ചെയ്യാൻ ആവശ്യമായിട്ടുള്ളത്. നിലവിൽ ലിസ്റ്റിലുള്ള ഏതു ഭാഷ വേണമെങ്കിലും നിങ്ങൾക്ക് മാറ്റിമാറ്റി ഉപയോഗിക്കാം അതിന് യാതൊരു തടസ്സങ്ങളും ഇല്ല. അതിനായി പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ആവശ്യമായ ഭാഷ ഉപയോഗിക്കാൻ ലാംഗ്വേജ് പ്ലഗ് ഇൻ ഡൗൺലോഡ് ചെയ്താൽ മാത്രം മതി. ഇനി ആപ്പ് ഉപയോഗിച്ച് ഈ സേവനം ലഭ്യമാക്കണം എന്ന് നിർബന്ധമൊന്നുമില്ല. വെബ് ഉപയോഗിച്ചും ഈ സേവനം ലഭ്യമാണ്. ഇനി നിങ്ങളുടെ കൈവശം നിങ്ങളുടെ സ്ഥലത്തിൻറെ കൃത്യമായ ജിപിഎസ് കോഡിനേറ്റ്സ് ഉണ്ട് എന്ന് കരുതുക. അതിന് നിങ്ങൾക്ക് ലഭിക്കപ്പെട്ടിരിക്കുന്ന മൂന്നു വാക്കുകളിൽ ആയി അറിയണമെങ്കിൽ https://what3words.com/products/batch-converter/ എന്ന ലിങ്ക് ഉപയോഗിച്ചാൽ മതി. ഈ ലിങ്ക് വഴി വാക്കുകളിൽ നിന്ന് ജിപിഎസ് വിവരങ്ങളിലേക്കും ജിപിഎസ് വിവരങ്ങളിൽ നിന്ന് വാക്കുകളിലേക്കും നിങ്ങളുടെ ലൊക്കേഷൻ ആളുകളിലേക്ക് ഇനി എളുപ്പത്തിൽ എത്തിക്കാൻ സാധിക്കും.