ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

ജമ്മുവിൽ ഇൻറർനെറ്റ് സൌകര്യം പുനസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മുവിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു. കഴിഞ്ഞ പന്ത്രണ്ടു ദിവസങ്ങളായി വിഛേദിക്കപ്പെട്ട ഇന്റര്‍നെറ്റാണ് പുനസ്ഥാപിച്ചത്. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 2ജി കണക്ടിവിറ്റിയും കശ്്മീര്‍ താഴവരയിലെ 17 എക്‌സ്‌ചേഞ്ചുകളിലെ ലാന്‍ഡ്‌ലൈന്‍ കണക്ഷനും പുനസ്ഥാപിച്ചത്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ മാറ്റമില്ല.

ജമ്മുവിന് പ്രത്യേക പദവി നല്‍കുന്ന സെക്ഷന്‍ 370 നീക്കം ചെയ്തതിനു ശേഷമാണ് വിവിധ ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചത്. ജമ്മുവിലെ ടെലികോം സേവനങ്ങള്‍ ഘട്ടങ്ങളായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രമണ്യം അറിയിച്ചിരുന്നു.

ഇൻറർനെറ്റ് സേവനങ്ങളുടെ ദുരുപയോഗം തീവ്രവാദികള്‍ മുഖേന ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് താല്‍കാലികമായി നിര്‍ത്തലാക്കിയത്. കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പൂര്‍വ്വസ്ഥിതിയിലെത്താന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നും കോടതി നിലപാടി അറിയിച്ചിരുന്നു. അതേസമയം കശ്മീര്‍ താഴ്വരയിലെ കനത്ത സുരക്ഷ അതുപോലെ തുടരാനാണ് തീരുമാനം.