സ്ത്രീ ശുചിത്വം പ്രധാനമല്ലായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ആര്‍ത്തവത്തെ അയിത്തമായി കണ്ടിരുന്ന ഒരു സമൂഹത്തില്‍ നിന്ന് സ്ത്രീ ശരീരത്തിന്റെ ഉള്ളിലേക്ക് കടത്തി വയ്ക്കാന്‍ കഴിയുന്ന മെന്‍സ്ട്രല്‍ കപ്പുകളുടെ കടന്ന് വരവ് വലിയ സാമൂഹ്യമാറ്റമാണ് ഉണ്ടാക്കിയത്. ആര്‍ത്തവം ആരോഗ്യപരമായി കൈകാര്യം ചെയ്യാന്‍ സാനിറ്ററി നാപ്കിനുകള്‍ക്കും ടമ്പോണുകള്ക്കും ബദലായി വന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ ഇതിനോടകം വിപണികള്‍ കൈയ്യടക്കികഴിഞ്ഞു.
മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച, കപ്പ് രൂപത്തിലുള്ള ഒരു സ്ത്രീ ശുചിത്വ ഉത്പന്നമാണ് മെന്‍സ്ട്രല്‍ കപ്പ്. ആര്‍ത്തവസമയത്ത് ഗര്‍ഭാശയമുഖത്തിന് തൊട്ടുതാഴെയായി രക്തം ശേഖരിക്കാന്‍ വയ്ക്കുന്ന ഒരു കൊച്ചു പാത്രം. ആര്‍ത്തവ സമയത്ത് രക്തം പുറത്തേക്ക് ഒഴുകാതെ കപ്പില്‍ ശേഖരിക്കപ്പെടുന്നു. പല നിറത്തിലും പല വലിപ്പത്തിലും പിപണിയില്‍ കപ്പുകള്‍ ലഭ്യമാണ്. ഒരു സ്ത്രീ ആര്‍ത്തവ നാളുകളില്‍ 12 മുതല്‍ 14 പാഡുകള്‍ വരെയാണ് ഉപയോഗിക്കുക. അതായത് ഒരു വര്‍ഷം ഏകദേശം 150 പാഡുകള്‍. അത്രയും അജൈവ മാലിന്യം പരിസ്ഥിതിയില്‍ ഉണ്ടാവുമ്പോള്‍ അത് നിര്‍മാര്‍ജനം ചെയ്യുക എന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ടിനെ മറികടക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് സാധ്യമാണ്.
പുനരുപയോഗിക്കാനും എത്രയധികം രക്തസ്വാവത്തെ ശേഖരിക്കാനും കഴിയുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നുണ്ട്.
ആര്‍ത്തവ ബുദ്ധിമുട്ടുകളില്‍ നിന്ന് സ്ത്രീകളെ കൂടുതല്‍ സ്വതന്ത്യമാക്കുന്നതാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. യോനിയുടെ ഉള്ളില്‍ കടത്തിവയ്ക്കുന്നതുകൊണ്ട് തന്നെ വായുമായി രക്തം നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോളുണ്ടാകുന്ന ദുര്‍ഗന്ധം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നില്ല. കൂടുതല്‍ അളവ് രക്തം ശേഖരിക്കുന്നതു കൊണ്ടും രാത്രിയിലും ദീര്‍ഘയാത്ര ചെയ്യുമ്പോഴും ലീക്ക് ആവുമെന്നുള്ള ഭയം വേണ്ട.
സ്വന്തം ശരീരത്തെപ്പറ്റി അജ്ഞരായിട്ടുള്ള സ്ത്രീകളാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടെ നിലവിലെ സാമൂഹ്യ സാഹചര്യവും അതില്‍ നിലനില്‍ക്കുന്ന നിബന്ധനകളും സ്ത്രീകളെ പല കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്. സ്ത്രീയുടെ ആരോഗ്യം എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിന്, ടാംപൂണുകള്‍ എന്നിവയേക്കാള്‍ സുരക്ഷിതമാണ് മെന്‍സ്ട്രല്‍ കപ്പ് എന്നതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ആവശ്യമായ അവബോധം ഉണ്ടാക്കി എടുക്കുക എന്നത് അത്യാവശ്യമാണ്. ആരോഗ്യസംഘടനകളും സര്‍ക്കാരും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതുണ്ട്.
രക്തം ലീക്കാവുമോ എന്ന പേടിയില്ലാതെ ഓടാനും ചാടാനും നീന്താനും യാത്രചെയ്യാനും അസ്വസ്ഥതകളില്ലാതെ പണിയെടുക്കാനുമാവുന്ന ഒരു ആര്‍ത്തവകാലം ഇനി സാധ്യമാവട്ടെ. പരമ്പരാഗതമായി തുടര്‍ന്നവന്ന അന്ധവിശ്വാസങ്ങള്ക്കെതിരയുള്ള വിപ്ലവകരമായ ചുവടുവയ്പ്പാകട്ടെ മെന്‍സ്ട്രല്‍ കപ്പുകള്‍.