സര്‍ക്കാരിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നിലനില്‍ക്കുമ്പോള്‍ ആണിത്. സംഭവം വിവാദമായതിന് പിന്നാലെ നിരവധി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി. സ്‌കൂളിലെ അവസ്ഥ ദയനീയമാണ്. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിയും ഉപ്പുമാണ് നല്‍കുന്നത്.
ചിലപ്പോള്‍ ഉപ്പും ചോറും നല്‍കും. അപൂര്‍വമായി മാത്രമാണ് പാല് നല്‍കാറുള്ളത്. ഏത്തപ്പഴം ഒരിക്കലും നല്‍കിയിട്ടില്ല. ഒരു വര്‍ഷമായി ഇതുപോലെയാണ് സാഹചര്യങ്ങളെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മിസാര്‍പുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ഥികള്‍ റൊട്ടിയും ഉപ്പും കഴിക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ട് സത്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. ഇതിനെ തുടര്‍ന്ന് സ്‌കൂളിന്റെ ചുമതലയുള്ള അധ്യാപകനെയും പഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ അറിയിച്ചു.