കേരളത്തിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ ശൃംഖലയായ മുത്തൂറ്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻെറ കേരളത്തിലെ മുന്നോറോളം ശാഖകൾ സെപ്റ്റംബർ രണ്ടോടെ അടച്ച് പൂട്ടാൻ പോകുന്നു. മൂന്ന് വർഷത്തോളമായി സിഐടിയുവിൻെറ നേതൃത്വത്തിൽ നടന്നു വരുന്ന തൊഴിലാളി സമരത്തെ തുടർന്നാണ് ഈ തീരുമാനം. 2016 ലാണ് സംഘടനാസ്വാതന്ത്ര്യം ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ശാഖകൾക്ക് മുന്നിൽ സിഐടിയു സമരം ആരംഭിക്കുന്നത്.
തൊഴിലാളികൾക്കുള്ള ശബള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ വ്യവസ്ഥ വേണം, താൽപര്യമുള്ളവർക്ക് കുൂടുതൽ ശബളവും അല്ലാത്തവർക്ക് കുുറഞ്ഞ ശബളവും കൊടുക്കുന്ന രീതി ശരിയല്ല, ശബള ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും ഭാവിയിലെ ഇൻക്രിമെൻെറ് എത്രമാത്രമായിരിക്കും തുടങ്ങിയ വിവരങ്ങൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ വ്യക്തമാക്കണം, കൂടാതെ ജോലി സമയവും വിശ്രമ സമയവും എത്രയാണെന്നും ലീവ് എങ്ങനെയായിരിക്കുമെന്നും വിശദീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സിഐടിയു മുന്നോട്ട് വച്ചത്. ഇതൊന്നും അംഗീകരിക്കാൻ മുത്തൂറ്റ് തയാറാകാതിരുന്നതാണ് സമരത്തിലേക്ക് നയിച്ചതിൻെറ കാരണമെന്നാണ് സിഐടിയു ചൂണ്ടിക്കാട്ടുന്നത്. ഇതോടെ 12% ഉണ്ടായിരുന്ന കേരളത്തിലെ ബിസിനസ് 4% ആയി കുറയുകയും ഇടപാടുകാർ പലരും ഒഴിഞ്ഞു പോകുകയും ചെയ്തു. ഈ സമരത്തിൽ ചെറിയൊരു വിഭാഗം തൊഴിലാളികൾ മാത്രമാണ് പങ്കെടുക്കുന്നത് എന്നും മറ്റു ജീവനക്കാരൊന്നും തന്നെ ഇതിൻെറ ഭാഗമല്ല എങ്കിലും സിഐടിയുവിൻെറ ഭീക്ഷണിയെ തുടർന്നാണ് അവർക്ക് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തതെന്നുമാണ് മുത്തൂറ്റ് അധികാരികൾ പറയുന്നത്.
ഇത്തരത്തിൽ സമരം നിലനിന്നിരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതാണ് ശാഖകൾ പൂട്ടുന്ന തീരുമാനത്തിലേക്ക് മാനേജ്മെൻെറിനെ എത്തിച്ചത്. കേരളത്തിലെ അറുന്നൂറോളം ശാഖളികലായി 3500 ലധികം ജീവനക്കാരാണുള്ളത്. അടച്ചു പൂട്ടൽ തീരുമാനത്തോടെ ഇവരിൽ പകുതിയോളം പേരും തൊഴിൽ രഹിതരാകും. എന്നാൽ പൂട്ടുന്ന ശാഖകളിലെ തൊഴിലാളികളെ പുനർവിന്യസിപ്പിച്ചില്ലെങ്കിൽ മറ്റ് ശാഖകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു.