എത്യോപ്യയിലെ അഫാര്‍ പ്രദേശത്തുനിന്ന് മനുഷ്യപരിണാമ ചരിത്രത്തിലെ 38 ലക്ഷം വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തി. ലൂസി എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റേയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. കണ്ടെത്തിയ തലയോട്ടിയുടെ ഉടമ പ്രാചീന മനുഷ്യവംശങ്ങളിലൊന്നായ ആസ്ട്രലോപിതെക്കസ് അനമെന്സിസിന്റേതാണ്.
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രപ്പോളജിയിലെയും ക്ലീവ്ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് തലയോട്ടി കണ്ടെത്തിയത്. മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍ നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്.ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന് ജീവിച്ചിരുന്നത്. എം.ആര്.ഡിയും പിന്‍ഗാമിയായ ലൂസിയുടെ വംശയും ഒരേകാലഘട്ടത്തില്‍ ലക്ഷം വര്‍ഷത്തോളം ജീവിച്ചിരുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.