തടിയുള്ളവരെ വിമര്‍ശിച്ച് വിവാദം സൃഷ്ടിച്ച പ്രശസ്ത ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അവതാരക റേഹം സയീദിന് വിലക്ക്. ഒരു വര്‍ഷം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.തടിയുള്ളവര്‍ മരിക്കേണ്ടവരാണ്. അവര്‍ കുടുംബത്തിനും ഭരണകൂടത്തിനും തന്നെ ഭാരമാണ്. നിങ്ങള്‍ അബയ (ഒഴുക്കിടക്കുന്ന വസ്ത്രം) ധരിക്കുന്നതും നടക്കുന്നതും മനോഹരമായി തോന്നുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ സ്ത്രീത്വം തന്നെ നഷ്ടമാകും എന്ന പരാമര്‍ശമായിരുന്നു വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ഈജിപ്ത്ഷ്യന്‍ സ്വകാര്യ ചാനലായ അല്‍ ഹയാത്തില്‍ കഴിഞ്ഞ ആഴ്ച സംപ്രേഷണം ചെയ്ത സബയ (ചെറുപ്പകാരായ സ്ത്രീകള്‍) എന്ന പ്രോഗ്രാമിലാണ് റേഹത്തിന്റെ ഈ പരാമര്‍ശം. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമായിരുന്നു റേഹമിന് നേരിടേണ്ടി വന്നത്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വുമണ്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും, 12 മാസം ഇവര്‍ക്ക് ജോലിയില്‍ നിന്ന് വിലക്ക് കല്‍പിച്ചതായി സുപ്രീം കൗണ്‍സില്‍ ഓഫ് മീഡിയ റെഗുലേഷന്‍ ഉത്തരവിടുകയും ചെയ്തു. സുപ്രീം കൗണ്‍സില്‍ ഓഫ് മീഡിയ റെഗുലേഷന്‍ ഇവരെ ചോദ്യം ചെയ്ത് കഴിയുന്നത് വരെ അവതാരകെയും പരിപാടിയെയും താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് അല്‍ ഹയാത്ത് ടിവി നേരത്തെ അറിയിച്ചിരുന്നു.