ഹിന്ദുക്കളുടെ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ സമ്മതിച്ചില്ല; മൃതശരിരവുമായി മണിക്കൂറുകളോളം മഴ നനഞ്ഞ് ദളിത് കുടുംബാഗങ്ങള്‍ 

denied acess to crematorium dalits forced to wait with corpse in rain

തമിഴ്‌നാട്: ഹിന്ദുക്കളുടെ പേരിലുള്ള ശ്മശാനത്തില്‍ ദളിത് വിഭാഗത്തില്‍ പെട്ട ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാതെ റെഡ്ഡിയാര്‍ സമുദായം. മദുരയിലെ പെരിയൂര്‍ ഗ്രാമത്തിലാണ് സംഭവം. 50 ദളിത് കുടുംബങ്ങളും റെഡ്ഡിയാര്‍ വിഭാഗത്തില്‍ പെട്ട 150 ഹിന്ദു കുടുംബങ്ങളും അടങ്ങുന്ന ഗ്രാമമാണ് പെരിയൂര്‍. ദളിത് സമുദായത്തിനും ഹിന്ദു സമുദായത്തിനും അടുത്തടുത്തായി പ്രത്യേക ശ്മശാനങ്ങളാണ് ഉള്ളത്. ദളിതരുടേത് തുറന്ന ശ്മശാനമായതിനാല്‍ മഴയുള്ളപ്പോള്‍ മൃതദേഹം കത്തിക്കാനാവില്ല. 50 വയസ് പ്രായമായ ഷന്‍മുഖവേലിന്റെ മൃതദേഹവുമായി ശ്മമാശത്തിലെത്തിയ കുടുംബാംഗങ്ങള്‍ക്ക് മഴമൂലം മൃതദേഹം സംസ്‌കരിക്കാനായില്ല. ഹിന്ദുക്കളുടെ ശ്മശാനം ഷെഡ് കെട്ടി ഉണ്ടാക്കിയതിനാല്‍ തന്നെ മഴയുണ്ടെങ്കിലും മൃതദേഹം സംസ്‌കരിക്കാനാവും. മരിച്ച ആളുടെ കുടുംബാംഗങ്ങള്‍ ശരീരം സംസ്‌കരിക്കണമെന്ന് ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിട്ടും ദളിതരായതുകൊണ്ട് അവര്‍ അനുവദിച്ചില്ല. കുടുംബാംഗങ്ങള്‍ക്ക് മഴയത്ത് മണിക്കൂറുകളോളം മൃത ശരീരവുമായി ശ്മശാനത്തില്‍ നില്‍ക്കേണ്ടി വന്നു. 

മൃതശരീരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിതിലൂടെയാണ് സംഭവം ജനങ്ങള്‍ അറിയുന്നത്. തങ്ങള്‍ നിസ്സഹായരാണെന്നും തങ്ങളുടെ സമുദായത്തെ രക്ഷിക്കണമെന്നും മൃതശരീരത്തിന്റെ അടുത്ത് നിന്ന് കൈകൂപ്പി യാചിക്കുകയാണ് വീഡിയോയിലൂടെ കുടുംബാംഗങ്ങള്‍. എല്ലാ സൗകര്യങ്ങളും ഉള്ള ഹിന്ദുക്കള്‍ തങ്ങളോട് വിവേചനം കാണിക്കുകയാണെന്നും സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും മരിച്ച ഷണ്‍മുഖവേലിന്റെ സഹോദരന്‍ വിഡിയോയിലൂടെ ചോദിക്കുന്നുണ്ട്. 

മഴമൂലം കത്താതിരുന്ന മൃതദേഹം അവസാനം പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചത്. പീന്നിട് രണ്ട് സമുദായങ്ങളും പൊലീസിനെ സമീപിച്ചെങ്കിലും ഹിന്ദു സമുദായത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഹിന്ദു സമുദായത്തിന്റെ ശ്മശാനത്തില്‍ ദളിത് വിഭാഗം സംസ്‌കരിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്നുള്ള വിചിത്ര വാദമാണ് പൊലീസ് പറയുന്നത്.