വിവാഹം കഴിക്കാതെയുള്ള ഒന്നിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരിവിറക്കി രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ.വിവാഹം കഴിക്കാതെയുള്ള ലിവിങ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും സ്തീകളുടെ ഇടയിൽ ഇത് സംബന്ധിച്ച് മതിയായ ബോധവത്കരണം നടത്തണമെന്നും പറഞ്ഞ് രാജസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനാണ് പുതിയ ഉത്തരവ് ഇറക്കിയത്.
വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്ന രീതി തടയേണ്ടത് അനിവാര്യമാണെന്നും ഇത്തരം രീതികൾ നിരോധിക്കുവാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കേണ്ടതാണെന്നും കമ്മീഷൻ പറയുന്നു. കല്യാണം കഴിക്കാതെ പുരുഷനൊടൊപ്പം ജീവിക്കുന്ന സ്തീയുടെ ജീവിതം അന്തസ്സുള്ള ജീവിതമാണെന്ന് പറയാൻ കഴിയില്ലെന്നും അത്തരം സ്ത്രീകളെ വെപ്പാട്ടിയായി മാത്രമെ കാണാൻ കഴിയുകയുള്ളു എന്നും കമ്മീഷൻ പറയുന്നുണ്ട്.
2005 ലെ ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ വിവാഹ ജീവിത ബന്ധങ്ങളെപ്പറ്റി കൃത്യമായ വ്യാഖ്യാനം നൽകിയിട്ടില്ലെന്നും അത്കൊണ്ട് തന്നെ വിവാഹത്തിലെ ബന്ധങ്ങളെ വ്യക്തമായി നിർവചിക്കേണ്ടത് അത്യവശ്യമാണെന്നും രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പ്രകാശ് ചന്ദ്ര താഷ്യ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിക്കുന്നു.
വിവാഹം എന്നത് എല്ലാ മതങ്ങളിലും പവിത്രമായി കാണുന്ന ഒന്നാണെന്നും ആ പവിത്രത ലിവിങ് ബന്ധങ്ങളിൽ ഇല്ലെന്നും കമ്മീഷൻ പറയുന്നു. ഇത്തരം ബന്ധങ്ങളിൽ സ്ത്രീകളാണ് കൂടുതൽ ത്യാഗം ചെയ്യേണ്ടി വരുന്നതെന്നും ലിവിങ് ബന്ധങ്ങളിൽ ഉള്ള സ്ത്രീകൾക്ക് അവരുടെ മൌലീകാവകാശം ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും ബെഞ്ച് പറയുന്നു.