ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന് 06 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങൾക്കു ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.
ഒരു ബുള്ളറ്റിനരികിൽ നിൽക്കുന്ന ടോവിനോയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. കാർണിവൽ പിക്ചേഴ്സ്, റൂബി ഫിലിംസ് എന്നിവയുടെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റത് വലിയ വാര്‍ത്തയായിരുന്നു. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’ ആണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം.
2019 ൽ നിരവധി ഹിറ്റ് സിനിമകളുമായി എത്തിയ താരത്തിൻ്റെ മറ്റൊരു മാസ് ചിത്രമായിരിക്കും എടക്കാട് ബറ്റാലിയന് 06 എന്നാണ് അണിയറയിൽ സംസാരം.