ശാസ്ത്രപ്രചാരണം നടത്തിയ ഡോ. കെഎം ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കാര്‍ഷിക സര്‍വകലാശാല

Kerala agriculture university issues show-cause notices to K.N Sreekumar on his article on endosulfan in mathrubhumi daily.
ശാസ്ത്രപ്രചാരണം നടത്തിയ ഡോ. കെഎം ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കാര്‍ഷിക സര്‍വകലാശാല

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെപ്പറ്റി ലേഖനമെഴുതിയ ഡോ. കെഎം ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കാര്‍ഷിക സര്‍വകലാശാല. കഴിഞ്ഞ ആഗസ്റ്റ് രണ്ടിനാണ് ഡോ. കെഎം ശ്രീകുമാര്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് എഴുതിയ ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. ഇത് കാര്‍ഷിക സര്‍വ്വകലാശാലയുടെ അഭിപ്രായമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല കെഎം ശ്രീകുമാറിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം വൈജ്ഞാനിക ദുരന്തം എന്ന പേരിലാണ് ശ്രീകുമാര്‍ എഴുതിയ ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല എന്റമോളജി വിഭാഗം പ്രൊഫസര്‍ എന്ന നിലയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ പ്രതിപാദിച്ച അഭിപ്രായങ്ങള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേതായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതെന്നാണ് അദ്ദേഹത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

സര്‍വ്വകലാശാലയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടതു കൂടി ആയതിനാല്‍ പ്രസിദ്ധീകരണം കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് സര്‍വ്വകലാശാലയുടെ വാദം. ഇതിനുള്ള വിശദീകരണം പത്തു ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കേരള കാര്‍ഷിക സര്‍വ്വകലാശാല ഡോ. കെഎം ശ്രീകുമാറിനോട് ആവശ്യപ്പെടുന്നു.

സയന്‍സിനെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സയന്‍സിനെ മുന്‍നിര്‍ത്തിയുള്ള മറുപടികള്‍ ആണ് വേണ്ടത്. അല്ലാതെ അച്ചടക്കത്തിന്റെ ഉമ്മാക്കി കാണിച്ച് അദ്ദേഹത്തിനെ നിശ്ശബ്ദനാക്കുകയല്ല വേണ്ടതെന്ന് പ്രമുഖ ശാസ്ത്ര പ്രചാരകനും ഡോക്ടറുമായ കെപി അരവിന്ദന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. ‘സ്ഥാപനത്തിലെ അക്കാഡമീഷ്യന്മാര്‍ക്ക് അഭിപ്രായമുണ്ടാകാം. അത് ചിലപ്പോള്‍ പരസ്പരവിരുദ്ധമാവുകയും ചെയ്യാം. ഈ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാവണം. ഇതിനൊക്കെ സര്‍വകലാശാലയുടെ മുന്‍ അനുമതി വേണമെന്ന് ശഠിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല വി.സി അടക്കം എത്ര പേര്‍ ലേഖനത്തിനോ ടിവി അഭിമുഖത്തിനോ ഒക്കെ മുന്‍പ് സമ്മതം വാങ്ങാറുണ്ട്?’ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷയം, ജൈവ കൃഷി, ജനിതക വിളകള്‍ തുടങ്ങി കൃഷിസംബന്ധമായ നിരവധി ശാസ്ത്രീയ വിഷയങ്ങളെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ക്ലാസ്സുകളും ലേഖനങ്ങളും സ്ഥിരമായി അവതരിപ്പിക്കുന്ന വ്യക്തിയാണ് ഡോ. കെഎം ശ്രീകുമാര്‍. ജനങ്ങള്‍ക്കിടയിലുള്ള കൃഷി സംബന്ധമായ തെറ്റിദ്ധാരണകള്‍ മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഏറെ ഉപകാരപ്രദമാണ്.

ഭയം കൂടാതെ ഒരു ശാസ്ത്രജ്ഞന്  വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാൻ കഴിയണം. അപ്രകാരമുള്ള ലേഖനങ്ങൾക്ക് വസ്തുതയുടെ അടിസ്ഥാനത്തിലാണ് മറുപടി നൽകേണ്ടതും. ഇത്തര അച്ചടക്ക നടപടിലൂടെ നിശബ്ധതരാക്കുന്നത് ജനത്യപത്യവിരുദ്ധതയും  ശാസ്ത്രത്തിന്റെ സ്വാഭാവിക വളർച്ചയെ തടയുന്നതുമാണ് എന്ന് ഫ്രീതിങ്കേഴ്സ് പ്രതിനിധി ഫാക്ട്ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.

Content Highlight: Kerala agriculture university issues show-cause notices to K.M Sreekumar on his article on endosulfan in Mathrubhumi daily.