കാവേരി കാളിങ് എന്ന പേരില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ പൊതു താത്പര്യ ഹര്‍ജ്ജി നല്‍കി അഡ്വ. എ വി അമര്‍നാഥൻ. കര്‍ണാടക ഹൈക്കോടതിയിലാണ് ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. തലക്കാവേരി മുതല്‍ തിരുവാരൂര്‍ വരെ കാവേരി നദീതീരത്ത് വൃക്ഷങ്ങള്‍ വച്ചു പിടിക്കുന്നതിനായി ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ ഒരു വൃക്ഷത്തിന് 42 രൂപ വീതം പിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാവേരി കാളിങിലൂടെ 253 കോടി വൃക്ഷത്തൈകള്‍ വച്ചു പിടിക്കുമെന്നാണ് ഇഷ ഫൗണ്ടേഷന്‍ പ്രചരിപ്പിക്കുന്നത്. ഒരു വൃക്ഷത്തിന് 42 രൂപ വച്ച് ആകെ 10,626 കോടി രൂപയോളമാണ് പിരിച്ചെടുക്കുന്നത്. സംശയാസ്പദമായി ഇത്രയും ഭീമമായ തുക പിരിച്ചെടുക്കുന്നുവെന്ന ചൂണ്ടിക്കാട്ടിയാണ് അഡ്വ. എ.വി അമര്‍നാഥൻ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കാവേരി നദീതടത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയെന്നാണ് ഇഷ ഫൗണ്ടേഷന്റെ വാദം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതായും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാരനായ അഡ്വ. എവി അമര്‍നാഥൻ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ കാവേരി കാളിങ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവാദമില്ലാത്തതാണ്. മാത്രമല്ല ഇതിനു വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങളില്‍ നിന്നും പണം പിരിക്കുന്നത് നിര്‍ത്തി വക്കാന്‍ ഇഷ ഫൗണ്ടേഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ മാസം 17 നാണ് ഹര്‍ജ്ജി പരിഗണിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താതെ സത്യസായി ബാബ നടപ്പിലാക്കിയിട്ടുള്ള കുടിവെള്ള പദ്ധതിയെക്കുറിച്ചും ഹര്‍ജ്ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് ആന്ധ്രയില്‍ നിന്നും ചെന്നൈ വരെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.
ഇതിനു മുമ്പും ജഗ്ഗി വാസുദേവിനെതിരായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജഗ്ഗി വാസുദേവിന്റ ഭാര്യയുടെ മരണത്തിനു പിന്നില്‍ ആദ്ദേഹത്തിനു പങ്കുണ്ടെന്ന വാര്‍ത്തയും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. 1997 ഒക്ടോബര്‍ 10 നാണ് ജഗ്ഗി വാസുദേവിൻറെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വന്നത്. മകളുടെ മരണത്തിന് ഉത്തരവാദി ജഗ്ഗിയാണെന്ന് ചൂണ്ടിക്കാട്ടി ജഗ്ഗിക്കെതിരെ ഭാര്യയുടെ അച്ഛനാണ് അന്ന് കേസ് നല്‍കിയിരുന്നത്. എന്നാല്‍ കേസ് പിന്നീട് തീരുമാനമാവാതെ തള്ളിപ്പോയിരുന്നു.
മാത്രമല്ല യൂത്ത് ആന്‍ഡ് ട്രൂത്ത്, അണ്‍പ്ലഗ് വിത്ത് വാസുദേവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ ജഗ്ഗി വാസുദേവ് പരിപാടിയുടെ അവതാരകനായിരുന്ന സാഖിബ് എന്ന ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ മുസ്ലിം വിദ്യാര്‍ത്ഥിയെ ‘താലിബാനി’ എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ ഏറെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ജഗ്ഗിയുടെ പരാമര്‍ശം വിവാദമായതോടെ ആദ്ദേഹം മാപ്പ് പറയുകയായിരുന്നു.
ഇന്ത്യന്‍ അത്‌ലറ്റ് ഹിമാ ദാസിനെ അശ്ലീല ശൈലി ഉപയോഗിച്ച് അഭിനന്ദിച്ചതിനും ജഗ്ഗിക്കെതിരെ വിമർശനങ്ങൾ ഉയർന്നുരുന്നു. ‘ഹിമാ ദാസ്, ദ ഗോള്‍ഡന്‍ ഷവര്‍ ഫോര്‍ ഇന്ത്യ, കണ്‍ഗ്രാജുലേഷന്‍സ് ആന്‍ഡ് ബ്ലെസ്സിംഗ്’ എന്നായിരുന്നു ജഗ്ഗി വാസുദേവ് ട്വീറ്റ് ചെയ്തത്. ഗോള്‍ഡന്‍ ഷവര്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെയാണ് അന്ന് ആളുകൾ രംഗത്തു വന്നത്.
മാത്രമല്ല വെള്ളത്തിന് ഓർമശക്തിയുണ്ടെന്നും ഗ്രഹണസമയത്ത് ഭക്ഷണം വിഷമയമാവുമെന്നും തുടങ്ങി അബദ്ധമായ നിരവധി പരാമർശങ്ങൾ മൂലം ജഗ്ഗി വാസുദേവ് പലപ്പോഴും സോഷ്യൽമീഡിയയിൽ പരിഹസിക്കപ്പെടാറുണ്ട്.
Content Highlights: PIL before the Karnataka High Court against the Isha Foundation’s ‘Cauvery Calling’ campaign led by its founder Sadhguru Jaggi Vasudev.