അർഹതപ്പെട്ട വേതനമില്ലാതെ ആയുർവേദ ഡോക്ടർമാർ; ഇടപെടാതെ സംഘടനകളും

ayurveda doctors demands minimum wages

കേരളത്തിൽ ഏകദേശം 16 ആയുർവേദ കോളേജുകൾ ഉണ്ട്. സ്വകാര്യ ആയുർവേദ കോളേജുകളിൽ 60 ലധികവും ഗവൺമെൻറിൽ 100 ലധികവും സീറ്റുകളുള്ള ബി.എ.എം.എസ് കോഴ്സുകളിൽ വർഷത്തിൽ ഏകദേശം 1000 കുട്ടികളാണ് പഠിച്ചിറങ്ങുന്നത്. കേരളത്തിന് പുറത്തെ കണക്കെടുത്താൽ കർണാടകയിൽ മാത്രം 40 ലധികം ആയുർവേദ കോളേജുകൾ ഉണ്ട്. അവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും മലയാളികളാണ്. ആഞ്ചര വർഷത്തെ പഠനം പൂർത്തിയാക്കി പഠിച്ചിറങ്ങുന്ന ഒരു ആയുർവേദ ഡോക്ടർക്ക് കുറഞ്ഞ വേതനം പോലും കിട്ടുന്നില്ല എന്നത് ആരും ഇതുവരെ പറയാതെ പറയുന്ന സത്യമാണ്. 

കടപ്പാട്- PAMC Ayurveda Trolls

പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് ഡിമാൻറ് കുറയുകയും എത്ര കുറഞ്ഞ വേതനത്തിന് പോലും ജോലി ചെയ്യാൻ സന്നദ്ധരാവുകയും ചെയ്യുകയാണ് ആയുർവേദ ഡോക്ടർന്മാർ. 6000 രൂപയ്ക്കു പോലും ജോലി ചെയ്യുന്നവരുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എത്ര കുറഞ്ഞ വേതനത്തിലും ജോലി ചെയ്യാമെന്ന് അങ്ങോട്ട് പറഞ്ഞ് ജോലി മേടിക്കുന്നവരും ഈ രംഗത്ത് ഉണ്ട്. കേരളത്തിൽ ബി.എ.എം.എസ് പഠിച്ചിറിങ്ങുന്നവർക്ക് ആവശ്യമായ തൊഴിൽ സാധ്യതകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇവരെ ദുരുപയോഗം ചെയ്യുകയാണ് മിക്ക സ്വകാര്യ ആശുപത്രികളും.  ലക്ഷങ്ങൾ വായ്പയെടുത്ത് ആറു വർഷം പഠിച്ച് ഇറങ്ങുന്നവർ സമ്മർദ്ദം മൂലം എത്ര കുറഞ്ഞ വേതനത്തിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിന് പുറത്ത് ആയുർവേദ ഡോക്ടർന്മാർക്ക് കേരളത്തിനെ അപേക്ഷിച്ച് വേതനം കൂടുതലാണെങ്കിലും വലിയ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. എന്നാൽ  കേരളത്തിന് പുറത്ത് ബി.എ.എം.എസ് പഠിച്ചിറങ്ങുന്നവർ ആധുനിക വെെദ്യശാസ്തവും പ്രാക്ടീസ് ചെയ്യുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പല ആയുർവേദ റിസോർട്ടുകളുടെ കീഴിൽ നിരവധി ആയുർവേദ ഡോക്ടർമാർ തുച്ഛമായ വേതനത്തിൽ തൊഴിലെടുക്കുന്നുവെന്നതും നിസഹായമായ കാര്യമാണ്. ആയുർവേദ ആരോഗ്യ മേഖലയിൽ, പലപ്പോഴും ഒരേ ആശുപത്രിയിൽ തന്നെ പ്രവർത്തിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ബി.എ.എം.എസ് ഡോക്ടർമാരെക്കാൾ കൂടുതൽ വേതനം ലഭിക്കുന്നുണ്ട്. ഒരു വർഷം മാത്രം പഠിച്ചിറങ്ങുന്ന ഉഴിച്ചിലും മറ്റും ചെയ്യുന്ന ഇത്തരം തെറാപ്പിസ്റ്റുകൾക്ക് അഞ്ചര വർഷം പഠിക്കേണ്ടുന്ന ബി.എ.എം.എസുകാരേക്കാൾ ഉയർന്ന വേതനം എന്നത് കടുത്ത അനീതിയാണ്.

പ്രെെവറ്റ്  ആയുർവേദ മെഡിക്കൽ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷനും( PAMPA ) ആയുർവെദ മെഡിക്കൽ ആസോസിയേഷൻ ഓഫ് ഇന്ത്യയുമാണ് (AMAI) ആയുർവേദ ഡോക്ടർമാരുടെ വേതന ഏകീകരണത്തിനായി ഇടപെടേണ്ട രണ്ട് സംഘടനകൾ. എന്നാൽ ഇവരുടെ ഭാഗത്ത് നിന്നുള്ള യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. പല തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും ആയുർവേദ ഡോക്ടർമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ടോ വേതനവുമായി ബന്ധപ്പെട്ടോ  ഈ സംഘടനകൾ ഒരു രീതിയിലുള്ള ഇടപെടലുകളും നടത്തുന്നില്ല. ഈ സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്ന മിക്കവരും സ്വകാര്യ ആയുർവേദ ആശുപത്രി ഉടമകളാണ്. അതുകൊണ്ട് തന്നെ വേതന വർദ്ധനവ് ഒരു മുഖ്യ പ്രശ്നമായി സംഘടനാ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ല. ആയുർവേദ ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടാൻ പല തവണ സമരം നടത്തിയ സംഘടനകൾ വേതന വർദ്ധനവിനായി സമരം ചെയ്യാത്തതിൻറെ കാരണം ഇതുകൊണ്ടാണെന്ന് ആയുർവേദ ഡോക്ടർമാർ ആരോപിക്കുന്നതിൽ സത്യമുണ്ട്. 

സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ ഹൌസ് സർജൻമാർക്കും സ്റ്റെെപൻറ് കൊടുക്കണമെന്ന് ഒന്നര വർഷം മുമ്പ് സർവകലാശാല ഉത്തരവ് ഇട്ടിരുന്നു. എന്നാൽ കേരളത്തിൽ ഒരു സ്വകാര്യ ആയുർവേദ കോളേജുകളിലും ഇത് നടപ്പിലാക്കുന്നില്ല. സ്വകാര്യ  മേഖലയിൽ ആയതുകൊണ്ട് വിദ്യാർഥി സംഘടനകളും നിശബ്ദരാണ്. പ്രെെവറ്റ് മനേജ്മെൻറുകളുടെ വിരോധത്തിന് വിധേയമായാൽ തോൽപ്പിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് വിദ്യാർഥികളും എല്ലാം സഹിക്കുകയാണ് പതിവ്. 

Image may contain: 2 people, people smiling, text
കടപ്പാട്- PAMC Ayurveda Trolls

പ്രൊഫഷണൽ ജോലികൾക്ക്  വേതനം ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ ഗവണമെൻറിന് പോലും കഴിഞ്ഞിട്ടില്ല. ആയുർവേദം ആഗോളവത്കരിക്കാൻ ഡോക്ടർമാരുടെ ഭാഗത്തു നിന്നുള്ള ഒരു മുൻകെെ എടുക്കേണ്ടതുണ്ട് എന്നാണ് പ്രെെവറ്റ് മെഡിക്കൽ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ പറയുന്നത്. പഠിച്ചിറങ്ങുന്നവരിൽ  70 ശതമാനവും സ്തീകളാണ്. ഇവരിൽ വിവാഹം ശേഷം ജോലി ചെയ്യാതിരിക്കുന്ന മിക്കവരും തുച്ഛമായ വേതനത്തിന് പണിയെടുക്കാൻ തയ്യാറാവുന്നുവെന്നും 6000 രൂപ വാഗ്ദാനം ചെയ്യുന്ന തൊഴിലുടമയോട് അത്രയും വേതനത്തിന് ജോലി ചെയ്യാൻ പറ്റില്ലെന്ന് ഇവർക്ക് പറയാൻ കഴിയണമെന്നും പ്രെെവറ്റ് മെഡിക്കൽ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. വിജിത്ത് പറയുന്നു. സർക്കാറിൻറെ ഭാഗത്ത് നിന്ന് കൃത്യമായ നിർദ്ദേശം ഇല്ലാത്തതു കൊണ്ടാണ് ആയുർവേദ ഡോക്ടർമാരുടെ വേതന  പ്രശ്നം പരിഹരിക്കപെടാത്തതെന്നും പ്രെെവറ്റ് മെഡിക്കൽ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നു. 

മോഹനൻ വെെദ്യരേയും വടക്കാഞ്ചേരിയേയും പോലെയുള്ള വ്യാജന്മാരുടെ കീഴിൽ ആയുർവേദ ഡോക്ടർമാർ  ബിനാമി ചികിത്സ നൽകുന്നത് ഈ വ്യാജ വെെദ്യന്മാർ വാഗ്ദാനം ചെയ്യുന്ന വലിയ വേതനം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ്. കൂടാതെ ഇത്തരം വ്യാജ വെെദ്യന്മാരുടെ പ്രചാരണത്തിൽ വീഴുന്ന രോഗികൾ പുതുതലമുറ ആയുർവേദ ഡോക്ടർമാരെ ഉപേക്ഷിച്ച് വ്യാജന്മാരുടെ അടുക്കലേക്ക് പോകുന്ന അവസ്ഥയും ഉണ്ട്.  തലമുറകളുടെ പാരമ്പര്യത്തിൻറെ പിൻബലമില്ലാതെ ചികിത്സിക്കുന്ന പുതു തലമുറയിലെ ആയുർവേദ ഡോക്ടർമാർക്ക് ഇതുവഴി രോഗികൾ നഷ്ടപ്പെടുന്നു. ആയുർവേദം കപടശാസ്ത്രമാണെന്നുള്ള സ്വതന്ത്ര ചിന്തകരുടെ  പ്രചാരണവും ശമ്പള കുറവ് എന്ന യഥാർത്ഥ്യവും പൊതുവിൽ ബി.എ.എം.എസ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് കുട്ടികളെ പിൻതിരിക്കുന്നുണ്ട്. ഇവർ ആയുർവേദത്തേക്കാൾ വെറ്റിനറി പോലുള്ള മറ്റ് കോഴ്സുകൾക്ക് മുൻഗണന നൽകുന്ന രീതിയും കണ്ടു വരുന്നുണ്ട്.  അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ സർക്കാരും ആയുർവേദ സംഘടകളും നേരിട്ട് ഇടപെട്ട് പരിഹരിക്കേണ്ടത് ആത്യാവശ്യമാണ്. കേരളത്തിൽ ബ്രിഡ്ജ് കോഴ്സ് നടപ്പാക്കുന്നതിലൂടെ ആധുനിക വെെദ്യം പ്രാക്ടീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ പല ആയുർവേദ ഡോക്ടർമാർക്കും ഉണ്ട്. 

വേതനക്കുറവ് സംബന്ധിച്ച ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തമാശക്ക് വക നൽകുന്നുണ്ടെങ്കിലും വിഷയം കാര്യമായി  ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സർക്കാർ ഉറപ്പാക്കുന്ന മിനിമം വേതനം പോലുമില്ലാതെ പണിയെടുക്കേണ്ടി വരുന്നത് ഈ വിഭാഗത്തിനോടുള്ള വലിയ നീതി നിഷേധമാണ്. ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം ലഭിക്കുവാനുള്ള അവകാശം ആയുർവേദ ഡോക്ടർമാർക്കും ഉണ്ട്.  അത് ഉറപ്പാക്കാൻ സർക്കാരിനും ബാദ്ധ്യതയുണ്ട്. ആയുർവേദ പാരമ്പര്യമോ, സ്ഥാപനമോ ഉള്ളവർക്ക് മാത്രം നിലനിൽപ്പുള്ള ഈ മേഖലയിലേക്ക് വായ്പ എടുത്തും മറ്റും പഠിച്ചിറങ്ങുന്ന സാധാരണക്കാരായ ഡോക്ടടമാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.