പാലാരിവട്ടം മേല്‍പാലം പണിയിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിജിലന്‍സ് ഇന്ന് യോഗം ചേരുമെന്നും അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജറാകാന്‍ ഇന്നു തന്നെ ഇബ്രാഹിം കുഞ്ഞിനു നോട്ടീസ് നല്‍കിയേക്കും.
അതിനിടെയിലാണ് അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന സ്പീക്കറുടെ ഓഫീസും സ്ഥിരീകരിച്ചത്. വിജിലന്‍സ് സ്പീക്കറുടെ ഓഫീസല്‍ ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയുണ്ടാകുമെന്ന വിവരം അറിയിച്ചിട്ടുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിനു മുമ്പ് അറസ്റ്റുണ്ടാകുമെന്ന് സൂചന. എന്നാല്‍ അറസ്റ്റിലേക്ക് സര്‍ക്കാര്‍ നീങ്ങിലെന്ന് മുസ്ലീം ലീഗിന്റെ വാദം. കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കെണിയിലാക്കിയത്. പാലം നിര്‍മിച്ച കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയത് മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണെന്ന് സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.