കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് യോഗ്യതയില്ല; ശശി തരൂര്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

പൂനെ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പാക്ക്- അധീന കാശ്മീരിന്റെ ചരിത്രം വിലയിരുത്തുമ്പോള്‍ തന്നെ പാക്കിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് വ്യക്തമാണ് എന്നും പൂണെ അന്താരാഷ്ട്ര സാഹിത്യ സമ്മേളത്തില്‍ പങ്കെടുത്തവെ ശശി തരൂര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശനയത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും രാജ്യത്തിനകത്ത് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശനയം കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ അല്ലെന്നും അത് രാജ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ആഭ്യന്തര വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം താന്‍ തുടരുമെന്നും ശശി തരൂര്‍ പറഞ്ഞു.