കോളേജ് ക്യാമ്പസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന

ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ് എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ അപടകരമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന്  സംസ്ഥാനത്തെ ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ് എന്ന പേരിലാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കൊച്ചിയിലെ എട്ട് ക്യാമ്പസുളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനധികൃത രൂപമാറ്റം വരുത്തി ഉപയോഗിച്ച് വന്നിരുന്ന 60 ബൈക്കുകളാണ് ഇന്നലത്തെ പരിശോധനയിൽ മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയത്.  ഓട്ടോമോട്ടീവ് റിസേര്‍ച്ച്‌ ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്‍ട്സിലും മാറ്റം വരുത്തരുതെന്ന നിയമം നിലനിൽക്കെയാണ് ബൈക്കിന്റെ സൈലന്‍സര്‍, ഹെഡ്ലൈറ്റ്, ഹാന്‍ഡില്‍, നിറം, ഗ്രാഫിക്സ് എന്നിവയിലൊക്കെ രൂപം മാറ്റി വരുത്തി ഉപയോഗിക്കുന്നത്. 

ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നത് ചൂണ്ടികാട്ടി  രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയ ബൈക്കുകൾ പഴയ പോലെയാക്കിയ ശേഷം ആര്‍ടി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശം നൽകി. കൂടാതെ ഈ ബൈക്കുകളുടെ വിവരങ്ങള്‍ രജിസിട്രേഷന്‍ നമ്പര്‍ സഹിതം കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Motor Vehicle Department’s inspection on college campuses in the state.