ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി എറണാകുളം ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു. പള്ളിയുടെ അകത്ത് പ്രതിഷേധവുമായി ഉണ്ടായിരുന്ന മെത്രാപ്പൊലീത്തമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിയുടെ പ്രധാന ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്ത് കടന്നത്.പിറവം പള്ളിയിലും ടൗണിലുമായി ആയിരത്തിലെറെ പോലീസുകാരാണ് ക്യാമ്പ് ചെയ്യുന്നത്. പിറവം പള്ളിക്കു അകത്തും പുറത്തുമായി നൂറുകണക്കിനു പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, തലേന്നു രാത്രി തന്നെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും വിശ്വാസികളും പള്ളിക്കകത്തു പ്രാർഥനാ യജ്ഞം ആരംഭിച്ചിരുന്നു. പള്ളിയില്‍ നിന്ന് സ്വയം ഇറങ്ങിപ്പോവില്ലെന്നും അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും വിശ്വാസി സമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുതെന്നും പറഞ്ഞ് മെത്രാപോലീത്തമാർ പ്രതിഷേധിച്ചു. ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികൾ തടയുകയും പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ സഭാംഗങ്ങൾ താഴിട്ടു പൂട്ടി പള്ളിക്കകത്തു പ്രാർഥനാ യജ്ഞം തുടരുകയും ചെയ്തപ്പോഴാണ് സംഘർഷം വഷളായത്.