പാലാരിവട്ടം പാലം അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ തെളിവുകളുമായി വിജിലൻസ്. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ സമയത്ത് കോടികളുടെ സ്വത്ത് വാങ്ങുകയും കള്ളപ്പണ ഇടപാടുകൾ നടക്കുകയും ചെയ്തുവെന്നും വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ അന്വേഷിക്കുമ്പോഴാണ് സൂരജിന്റെ അഴിമതികള്‍ ഒരോന്നായി പുറത്തുവന്നത്. പാലത്തിന്റെ നിര്‍മ്മാണം നടന്ന സമയത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയ്ക്ക് മകന്റെ പേരിൽ വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. അതില്‍ രണ്ട് കോടിയിലധികവും കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്.
മകന്റെ പേരിലാണ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന് നടന്നിരിക്കുന്നത് 2014 ഒക്ടോബര്‍ ഒന്നിനാണ്. ഈ പണം എവിടെനിന്ന് ലഭിച്ചു എന്ന് വ്യക്തമാക്കുന്നതില്‍ സൂരജ് പരാജയപ്പെട്ടു എന്നും വിജിലന്‍സ് പറയുന്നു.