രാജ്യത്താകെ ഉള്ളിവില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന നാസിക്കില്‍ നിന്നും ഉള്ളി എത്തിക്കാനാണ് തീരുമാനം. ആദ്യ ഘട്ടമായി 50 ടണ്‍ ഉള്ളി സംഭരിക്കും. ഇത് സപ്ലൈകോ വഴി കിലോയ്ക്ക് 30 മുതല്‍ 35 രൂപാ നിരക്കിലാകും വിതരണം ചെയ്യുക.
ഉള്ളി സംഭരണത്തിനായി മൂന്ന് ഉദ്യോഗസ്ഥരെ ഭക്ഷ്യ വകുപ്പ് ഇതിനോടകം നാസിക്കിലേക്ക് അയച്ചു കഴിഞ്ഞു. ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷമാണ് സംഭരണം നടത്തുന്നത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് ഉള്ളി കിലോയ്ക്ക് 50 രൂപ വരെ മൊത്തവിലയും 60 രൂപ ചില്ലറ വിലയുമായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 80 രൂപയില്‍ എത്തി നില്‍ക്കുകയാണ്.
മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ കനത്ത മഴ വിളനാശമുണ്ടാക്കിയതാണ് വില വർദ്ധനവിനു കാരണം. വിലക്കയറ്റം നിയന്ത്രിക്കാൻ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ കിലോഗ്രാമിന് 23.90 രൂപ നിരക്കില്‍ റേഷന്‍ കടകളിലൂടെ ഉള്ളി വിതരണം ആരംഭിച്ചിരുന്നു. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണ് ഉള്ളിക്ക്.
Content Highlights: State Food Department started proceedings to regulate onion prices in Kerala.