പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ചേരാത്ത ജീവനക്കാരുടെ ശമ്പളം തടയാനുള്ള നിര്‍ദേശവുമായി ധനവകുപ്പ്. നേരത്തെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരാകുകയും പങ്കാളിത്ത പെന്ഷന് നിലവില്‍ വന്ന 2013 ഏപ്രില്‍ ഒന്നിന് ശേഷം സ്ഥിരപ്പെടുകയും ചെയ്ത ജീവനക്കാരുടെ കാര്യത്തിലാണ് ഈ നിര്‍ദേശം.
പദ്ധതിയില്‍ ചേരാന്‍ അനുവദിച്ചിരിക്കുന്ന അവസാന തിയതി നവംബര്‍ 20 ആണ്. ഇതിനകം പദ്ധതിയില്‍ അംഗങ്ങളാകാത്തവരുടെ, നവംബർ മാസം മുതലുള്ള ശമ്പള ബില്ലുകള്‍ പാസാക്കില്ലെന്നാണ് ധനവകുപ്പ് ഉത്തരവില്‍ പറയുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയുമെടുക്കും.
2013 ഏപ്രില്‍ ഒന്നിനോ അതിനുശേഷമേ സര്‍വീസില്‍ പ്രവേശിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പങ്കാളിത്ത പെന്ഷന് ബാധകമാക്കിയിരുന്നു. പിന്നീടാണ് സൂപ്പര്‍ ന്യൂമററി വിഷയം വരുന്നതും അവര്‍ക്കും പങ്കാളിത്ത പെന്ഷന് ബാധകമാക്കിയതും. നിയമനം ലഭിച്ച് ഒരു മാസത്തിനകം പങ്കാളിത്ത പെന്‍ഷനില്‍ പുതിയ ജീവനക്കാര്‍ അംഗങ്ങളാകണമെന്നാതാണ് വ്യവസ്ഥ.
പങ്കാളിത്ത പെന്‍ഷനുമുമ്പ് അവധി ഒഴിവുകളില്‍ പ്രവേശിക്കുകയും പങ്കാളിത്ത പദ്ധതി നടപ്പായ ശേഷം റെഗുലര്‍ തസ്തികയില്‍ സ്ഥിരം നിയമനം ലഭിക്കുകയും ചെയ്ത അധ്യാപകര്‍ക്കും ഇത് ബാധകമാകും. ഇതിനായി മറ്റൊരു ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Department of Finance decided to stop passing the salary bill of employees who have not yet joined the participatory pension scheme.