അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂർ- എഴുപ്പുന്ന റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തുറവൂർ പിഡബ്ല്യുഡി എൻഞ്ചിനിയർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 27ന് രാത്രി 11 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉദ്യോഗസ്ഥരെ തടയുകയും പണി ചെയ്യാൻ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അമ്പത് ശതമാനത്തോളം പൂർത്തിയായ റോഡിന്റെ അറ്റക്കുറ്റപ്പണികളാണ് ഷാനിമോൾ ഉസ്മാൻ തടസ്സപ്പെടുത്തിയത്.
സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസ്സിൽ 353-ാം വകുപ്പ് പ്രകാരമാണ് ഷാനിമോൾ ഉസ്മാനിനെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിക്കുകയും ചെയ്തു.