കോഴിക്കോട് കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്.
ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാദ്ധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്, ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു,ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍, ഷാജു സ്‌കറിയയുടെ ഭാര്യ സിലി എന്നിവരാണ് മരിച്ചത്.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആറ് പേരുടെയും മരണം വിഷാംശം ഉള്ളില്‍ ചെന്നാണെന്നും ചെറിയ അളവില്‍ സയനെെഡിന്റെ അംശം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായ യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഉറ്റബന്ധുവായ യുവതിയും, ഇവര്‍ക്ക് സയനൈഡ് എത്തിച്ചു കൊടുത്ത യുവാവും പൊലീസ് വലയിലായെന്നാണ് സൂചന. മരിച്ചവരുടെ ബന്ധുവാണ് ഈ യുവാവ്. ഇയാള്‍ നേരത്തെ ജ്വല്ലറി ജീവനക്കാരനായിരുന്നു. കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപികയാണെന്ന ഉറ്റബന്ധുവിന്റെ വാദം തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകള്‍ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്നു. മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി.
ഏറ്റവുമൊടുവില്‍ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്.രാവിലെ 10ന് വടകര റൂറല്‍ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് കൂടത്തായിയില്‍ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചിരുന്നു. കൊലപാതങ്ങള്‍ നടത്താന്‍ ഉറ്റബന്ധുവിനെ സഹായിച്ച വ്യക്തികളെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിന്റെ നീക്കം.
Content Highlights: Koodathai mysterious deaths of 6 relatives