മുംബൈയിൽ മരണപ്പെട്ട ഒരു ഭിക്ഷക്കാരന്റെ വീട്ടിൽ നിന്നും വാഷി റെയിൽവേ പോലീസ് സംഘം കണ്ടെത്തിത് 7.7 ലക്ഷം രൂപയുടെ നിക്ഷേപണ രേഖകളും 1.5 ലക്ഷം രൂപയുടെ നാണയങ്ങളും. പ്രാദേശിക ട്രെയിനുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന 82 കാരനായ ബിദിചന്ദ് പനാമരം ആസാദ് എന്നയാളുടെ കുടിലിൽ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്.
ഗോവണ്ടി സ്റ്റേഷന് സമീപം റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചാണ് ഇയാൾ മരിക്കുന്നത്. മരണത്തെത്തുടർന്ന് അന്വേഷണത്തിനായി പോലീസ് ഗോവണ്ടി ചേരിയിലെ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് 7.7 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 1.5 ലക്ഷം രൂപയുടെ നാണയങ്ങൾ നിറഞ്ഞ ഒരു ബാഗ് ബാഗും കണ്ടെത്തിയത്. മണിക്കുകൂറുകൾ ചിലവഴിച്ചാണ് നാണയങ്ങൾ എണ്ണിത്തീർത്തത് എന്നാണ് പറയുന്നത്.
രാജസ്ഥാനിലുള്ള ഇയാളുടെ കുടുംബാംഗങ്ങളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം അവർക്ക് കൈമാറാനാണ് തീരുമാനം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതികരണമാണ് ഈ സംഭവത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഭിക്ഷക്കാരന്റെ പക്കൽ ഇത്രയും പണമോ എന്ന ഞെട്ടലിലാണ് പലരും.
“ഒരു ഐടി എഞ്ചിനീയറിനേക്കാൾ കൂടുതൽ പണം ഭിക്ഷക്കാരനുണ്ട്”, “കൊള്ളാം! അതുകൊണ്ടാണ് ഞാൻ ഒരിക്കലും പണം നൽകാത്തത്! ഇതൊരു വലിയ അഴിമതിയും മാഫിയയുമാണ് ” തുടങ്ങി പലരീതിയിലുള്ള പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും ഉയരുന്നത്. എങ്കിൽ പോലും സംഭത്തിന്റെ സത്യാവസ്ഥ ഇതുവരെ വ്യക്തമല്ല. അയാൾ ഭിക്ഷയെടുത്തുണ്ടാക്കിയ പണമാണോ ഈ ലക്ഷങ്ങൾ മുഴുവനും അതോ മറ്റേതെങ്കിലും വഴി സമ്പാദിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു.
Content Highlights: The Vashi railway police team found a fixed deposit worth Rs 7.7 lakh and around Rs 1.5 lakh in coins from the house of a dead beggar in Mumbai.