പാലാരിവട്ടം പാലം അഴിമതിക്കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി 

പ്രതികളായ കരാർ കമ്പനി എം ഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥൻ എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതികളായ  കരാർ കമ്പനി എം ഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥൻ എം ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാൽ കിറ്റ് കോ ഉദ്യോഗസ്ഥൻ ബെന്നി പോളിന് ജാമ്യം അനുവദിച്ചു.

സൂരജ് അടക്കമുള്ള മൂന്ന് പ്രതികൾ 40 ദിവസമായി ജയിലിൽ തന്നെയാണ്. ആർഡിഎസ് പ്രോസ്ട്രക്ട്സിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും ഇത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെയുള്ള കേസ്.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം കണക്കിലെടുത്താണ് പ്രതികളുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയത്. അതേസമയം തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയൽ സമർപ്പിച്ച ഹർജി  കോടതി നാളെ പരിഗണിക്കും.

Content Highlights: High Court rejected the bail of three accused in the Palarivattom bridge scandal.