ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് കുറ്റകരമല്ല; ഡല്‍ഹി ഹൈക്കോടതി 

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തി ആയ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് കുറ്റകൃത്യം ആയി കണക്കാക്കാന്‍ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ച യുവാവിന് എതിരെ യുവതി നല്‍കിയ ബലാത്സംഗ കേസ് തള്ളി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയും യുവാവിനെ നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തി ആയവര്‍ക്ക് ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പങ്കാളിയോട് പറയുവാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചാല്‍ പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി. പരാതിക്കാരി ആയ യുവതി യുവാവും ആയുള്ള ആദ്യ ലൈംഗിക ബന്ധത്തിന് മൂന്ന് മാസത്തിന് ശേഷം സ്വമേധയാ ഹോട്ടലില്‍ വച്ച്‌ യുവാവും ആയി വീണ്ടും ബന്ധപെട്ടു. ഇത്തരം ബന്ധപെടല്‍ വിവാഹ വാഗ്ദാനം നല്‍കി ഉള്ള ബന്ധപെടല്‍ ആണെന്ന് കരുതാന്‍ ആകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

2016 ല്‍ ആണ് യുവതി യുവാവിനെതിരെ ബലാത്സംഗ കേസ് നല്‍കിയത്. പ്രണയത്തില്‍ ആയിരുന്നപ്പോള്‍വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പരാതി. അമ്മയെ കാണാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ചു എന്നും അവിടെ വച്ച്‌ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും ആയിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ വച്ചും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു എങ്കിലും വിവാഹം കഴിച്ചില്ല എന്നാണ് പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്.