‘സ്പേസ് ബീഫ്’; ബഹിരാകാശത്ത് ആദ്യമായി കൃത്രിമ ഭക്ഷ്യമാംസം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ

മൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ മാംസം കഴിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രായേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ്. പ്രകൃതിവിഭവങ്ങളിൽ നിന്ന് 248 മൈൽ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ചാണ് ഇത്തരത്തിൽ ഗോമാംസം സൃഷ്ടിച്ചെടുത്തത് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 

സ്‌പേസ് ബീഫ് 3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യയിലൂടെ രണ്ട് സെല്ലുകളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമായ ഗോമാംസം നിര്‍മ്മിച്ചിരിക്കുന്നത്. അലഫ് ഫാംസും റഷ്യന്‍ കമ്പനിയായ ത്രിഡി ബയോപ്രിന്റിങ് സൊലൂഷന്‍സും രണ്ട് അമേരിക്കന്‍ ഫുഡ് കമ്പനികളും ചേര്‍ന്നാണ് ബഹിരാകാശ നിലയത്തില്‍ ഈ പരീക്ഷണം നടത്തിയത്. 

പശുവിന്റെ സ്വാഭാവിക പേശി-ചര്‍മ പുനരുജ്ജീവന പ്രക്രിയ അനുകരിച്ചാണ് ഇത്തരത്തിൽ മാംസക്കഷ്ണം രൂപപ്പെടുത്തിയത്. ഇറച്ചിയ്ക്കായി മൃഗങ്ങളെ വളര്‍ത്തുന്നതിന് വലിയ അളവില്‍ വെള്ളവും ഊര്‍ജവും ആവശ്യമാണ്. അതിനാൽ ജലം പാഴാക്കിക്കളയാതിരിക്കുക ഭൂമിയുടെ നീലിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ  മുന്നിൽ കണ്ടാണ് ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് അലെഫ് ഫാംസ് പറയുന്നത്. 

പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് വരും  തലമുറകള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പുവരുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് ആലെഫ് ഫാംസ് കരുതുന്നത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കൃത്രിമ മാംസം ഭൂമിയില്‍ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Content Highlights: Bio printed edible meat in space for the first time.