മോഡേണ്‍ വസ്ത്രങ്ങൾ ധരിക്കാത്തതിൻറെ പേരിൽ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി രംഗത്ത്

ബീഹാറിലെ പട്നയിൽ  മോഡേണ്‍ ആവാത്തതിന്റെ പേരില്‍ തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി രംഗത്ത്. മദ്യപിക്കാനും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും വിസമ്മതിച്ചെന്നാരോപിച്ച്‌ തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നാണ് ബിഹാർ സ്വദേശിയായ നൂറി ഫാത്തിമയുടെ പരാതി. സംസ്ഥാന വനിതാ കമ്മീഷനിലാണ് നൂറി ഫാത്തിമ പരാതി നല്‍കിയിരിക്കുന്നത്.

2015-ലായിരുന്നു നൂറി ഫാത്തിമയും ഇമ്രാന്‍ മുസ്തഫയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറിയിരുന്നു. നഗരത്തിലെ പെണ്‍കുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരിലും നിശാ പാര്‍ട്ടികളില്‍ മദ്യപിക്കാത്തതിന്റെ പേരിലും തന്നെ ദിവസവും ഭര്‍ത്താവ് ഇമ്രാന്‍ മര്‍ദ്ദിക്കാറുണ്ടെന്നും നൂറി വെളിപ്പെടുത്തി. കൂടാതെ, രണ്ട് തവണ തന്നെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും യുവതി ആരോപിക്കുന്നു.

സംഭവത്തില്‍ കമ്മീഷനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇമ്രാൻ മുസ്തഫയ്ക്ക് നോട്ടീസ് അയച്ചതായി വനിതാകമ്മിഷന്‍ അധ്യക്ഷയായ ദില്‍മാനി മിശ്ര പ്രതികരിച്ചു. ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കത്തക്ക കുറ്റമാണ് ഇത്.

Content Highlights: Husband chanted muthalaq for not wearing fashionable dresses; complaints wife.