ബംഗ്ലാദേശ് ഭീകരസംഘടന ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുന്നുവെന്ന് റിപ്പോർട്ട്

ബംഗ്ലാദേശ്‌ ഭീകരസംഘടനയായ ജമാത്തുള്‍ മുജാഹിദിന്‍ (ജെഎംബി) കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ റിപ്പോർട്ട്. ബെംഗളൂരുവില്‍ ഇവര്‍ക്ക് 22 താവളങ്ങളുള്ളതായും കര്‍ണാടക, തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കൃഷ്‌ണഗിരി കുന്നുകളില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ഐ.ഇ.ഡി.യും റോക്കറ്റ് ലോഞ്ചറുകളും ഇവർ പരീക്ഷിച്ചതായുമാണ് എന്‍ഐഎയുടെ വെളിപ്പെടുത്തി.

കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അടിത്തറ വിപുലീകരിക്കാനാണ് ജെഎംബിയുടെ ശ്രമമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡി വ്യക്തമാക്കി. എന്‍.ഐ.എ തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

അതേസമയം ഈ ഭീകര സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന 125 പേരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായി എന്‍.ഐ.എ മേധാവി യോഗത്തില്‍ അറിയിച്ചു. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേന 2007 മുതല്‍ ജെ.എം.ബി ഇന്ത്യയിലേക്ക് കടന്നു കയറുന്നുണ്ട്. 2014ല്‍ ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്‌ഫോടനത്തില്‍ ചില ഭീകരരെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു ജെ.എം.ബിയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ബീഹാറിലെ ബോധ്ഗയയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തപ്പോഴും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Content Highlights:  Report says Bangladeshi terrorist organization is concentrating in South India.