സിസ്റ്റര്‍ അഭയ കേസ്; രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കും

സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍, രാജു നമ്പൂതിരി എന്നി സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. ആഗസ്റ്റിലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 26-ാം തീയതി വരെയാണ് രണ്ടാംഘട്ട വിസ്താരം നടക്കുക.

സിസ്റ്റര്‍ അഭയ കേസില്‍ തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്ന് കോടതി മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. അഭയയുടെ ഡയറി ഉള്‍പ്പെടെ എട്ട് തൊണ്ടിമുതല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങിയെന്നും ഇവ കോടതിയില്‍ രേഖാമൂലം തിരികെ നല്‍കിയില്ലെന്നുമാണ് മൊഴി നല്‍കിയത്.

കേസില്‍ രണ്ടാംഘട്ട വിചാരണ ഒക്ടോബര്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. ആദ്യഘട്ട വിസ്താരത്തില്‍ ആറുപേരാണ് കൂറുമാറിയത്. എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കിയത്. ഒന്നാം ഘട്ട വിചാരണ വേളയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മയുടെ എതിര്‍ വിസ്താരം നടത്തിയിരുന്നു. അതിനിടെ കേസിലെ സാക്ഷി പട്ടികയില്‍ നിന്നും ചില ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് രണ്ടാംഘട്ട വിസ്താര വേളയില്‍ പ്രതിഭാഗം കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സാക്ഷി പട്ടിക സമര്‍പ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തര്‍ക്കം ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നുള്ളത് വിചാരണ കോടതിയുടെ അധികാരമാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

1992 മാർച്ച് 27 നു രാവിലെയാണ് സിസ്‌റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്‌ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം 1993 മാർച്ച് 29നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്‌റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കേസ് ചാർജ് ചെയ്‌തിരുന്നു. 2009 ജൂലൈ 17നു കുറ്റപത്രം സമർപ്പിച്ചു. 2011ൽ ആണു പ്രതികൾ വിടുതൽ ഹർജി നൽകിയത്.

Content highlights: Sister Abhaya murder case second phase witness examination today.