ഒറ്റക്കാലില്‍ ആഫ്രിക്കയിലെ കിളിമഞ്ജാരോ പർവ്വതം കീഴടക്കിയ മലയാളി യുവാവ്. ആലുവ സ്വദേശിയായ നീരജ് ജോര്‍ജ് ബേബിയാണ് ഈ നേട്ടം കൈവരിച്ചത്. പ്രൊഫസര്‍ സി എം ബേബിയുടെയും പ്രൊഫസര്‍ ഷൈലാ പാപ്പുവിന്റെയും മകനാണ് നീരജ്. ഒക്ടോബര്‍ 10ന് ക്രച്ചറിന്റെ സഹായത്തോടെയാണ് നീരജ് കിളിമഞ്ജാരോ കയറി തുടങ്ങിയത്. 19,341 അടി ഉയരമുള്ള പര്‍വതമാണ് ഒറ്റക്കാലില്‍ നീരജ് കീഴടക്കിയത്. ഫേസ്ബുക്കിലൂടെ ഈ സന്തോഷം പങ്കുവെച്ചതും നീരജ് തന്നെയാണ്. സുഹൃത്തുക്കളായ സിജോ, ശ്യാം ഗോപകുമാര്‍, ചാന്ദ്നി അലക്സ്, അഖില, പോള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു നീരജിന്റെ യാത്ര. ബയോ ടെക്നോളജിയില്‍ പിജി ബിരുദധാരിയായ നീരജ് കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫീസിലാണ് ജോലി ചെയ്യുന്നത്.
എട്ടാം വയസില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് നീരജിന്റെ ഇടതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ നീരജ് അതിലൊന്നും തളരാതെ തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോയി. കിളിമാഞ്ജാരോ കൂടാതെ കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ പക്ഷിപാതാളം, കുറിഞ്ഞിമല, നൈനിറ്റാളിലെ നൈന കൊടുമുടി, മൂന്നാറിലെ മലനിരകള്‍ തുടങ്ങിയ മലനിരകളും കീഴടക്കിയിട്ടുണ്ട്. നീരജ് ട്രക്കര്‍ മാത്രമല്ല, ഒരു കായിക താരം കൂടിയാണ്. 2015 ജര്‍മനിയിലെ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുത്തിട്ടുണ്ട്. 2012ല്‍ ഫ്രാന്‍സില്‍ നടന്ന ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യനായിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തില്‍ കിളിമഞ്ജാരോ കയറിയ ഭിന്നശേഷിക്കാരന്‍ എന്ന റെക്കോഡാണ് ഇതിലൂടെ നീരജ് ലക്ഷ്യമിട്ടിരിക്കുന്നത്
‘ഇത് എന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണ്. വളരെയധികം വേദനയോടെ നേടിയ അഞ്ച് വര്‍ഷത്തെ സ്വപ്‌നം. പ്രോസ്റ്റെറ്റിക് കാലുകള്‍ ഇല്ലാതെ ഭിന്നശേഷികാര്‍ക്ക് അവരുടെ ആഗ്രഹപ്രകാരമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ ജിഎസ്ടിയും നികുതിയുമൊക്കെ ഈടാക്കിയാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വപ്‌നം സാധ്യമാക്കാന്‍ കഴിയും’- ഇങ്ങനെയായിരുന്നു നീരജ് ഫേസ്ബുക്കിൽ കുറിച്ചത്.
Content highlights: Physically challenged man from Aluva scales Mount Kilimanjaro