രന്തബോർ ദേശീയ ഉദ്യാനത്തിലെ കടുവപ്പോര്; അപൂർവ്വ ദൃശ്യങ്ങൾ വൈറലാകുന്നു

പലപ്പോഴും അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് കടുവകൾ പരസ്പരം പോരടിക്കുന്നത്. ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ തന്നെ അതു കാണാൻ മനുഷ്യർക്ക് സാധിക്കാറുമില്ല. ഇത്തരത്തിൽ അപൂർവ്വമായി സംഭവിച്ച ഒരു കടുവപ്പോരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ പർവീൺ കസ്വാനാണ് രാജസ്ഥാനിലെ രന്തബോർ ദേശീയ ഉദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. 

സഹോദരങ്ങളായ ടി 57, ടി 58 കടുവളുടെ ക്രൂരവും അക്രമപരവുമായ പോരാട്ടം എന്ന കുറിപ്പോടെ ബുധനാഴ്ച പങ്കുവെച്ച ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം തന്നെ ജനശ്രദ്ധയാകർഷിക്കുകയായിരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന പ്രകൃതമുള്ള കടുവകൾക്ക് തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് ചെടികളിലും മരങ്ങളിലും നഖം കൊണ്ട് മാന്തിയും മൂത്രവിസർജനം നടത്തിയും അതിർത്തി അടയാളപ്പെടുത്തുന്ന രീതിയാണുള്ളത്.

ഈ അടയാളങ്ങൾ കാണുമ്പോൾ തന്നെ അവയ്ക്കറിയാം ഈ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാൽ ആക്രമിക്കപ്പെടുമെന്ന കാര്യം. അതുകൊണ്ടുതന്നെയാണ് കടുവകൾ പരസ്പരം പോരടിക്കുന്നത് അപൂർവമാണെന്ന് പറയുന്നതും. ഇത്തരത്തിൽ മണത്തിലൂടെയും മറ്റുമുള്ള അടയാളപ്പെടുത്തലിലൂടെ തന്നെ കടുവ ആണാണോ പെണ്ണാണോ, അവയുടെ പ്രായം, അവ ഇണചേരാൻ തയാറാണോ തുടങ്ങിയ കാര്യങ്ങളും മറ്റു കടുവകൾക്ക് തിരിച്ചറിയാൻ സാധിക്കും.

Content Highlights: Rare footage of two tigers fighting in Ranthambore National Park