കാൻസറിന് കാരണമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ പാക്കറ്റ് പാലുകളിൽ കണ്ടെത്തി 

carcinogen-aflatoxin-detected-in-fssai-milk-survey-samples

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയില്‍ പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥങ്ങൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ആരോഗ്യത്തിനു ഹാനികരമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ എന്ന രാസപദാര്‍ഥമാണ് കടകളിൽ പായ്ക്കറ്റിലെത്തുന്ന പാലുകളിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. 

കേരളം (187 സാമ്പിളുകളിൽ 37) തമിഴ്‌നാട് (551 സാമ്പിളുകളിൽ 88), ഡല്‍ഹി (262 സാമ്പിളുകളിൽ 38) എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പായ്ക്കറ്റ് പാലിലും ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയിട്ടുണ്ട്. അസംസ്കൃത പാലിനേക്കാൾ സംസ്കരിച്ചവയിലാണ് ഇവ കൂടുതലുള്ളതെന്ന് കണ്ടെത്തി. രാജ്യത്ത് എല്ലായിടത്തുനിന്നും പാലിന്റെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഫുഡ് സേഫ്റ്റി അതോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വ്വേ നടത്തിയത്.

6432 സാംപിളുകൾ പരിശോധിച്ചതില്‍ 93 ശതമാനവും സുരക്ഷിതമാണെന്നും ചില മാനദണ്ഡങ്ങള്‍ വച്ച്‌ 41 ശതമാനം മനുഷ്യ ഉപയോഗത്തിനു പാകമല്ലെന്നും സര്‍വ്വേയില്‍ കണ്ടെത്തി.

കാർഷിക വിളകളായ ചോളം, നിലക്കടല, പരുത്തി വിത്ത് എന്നിവയിൽ കാണപ്പെടുന്ന ചില ഫംഗസുകൾ ഉൽ‌പാദിപ്പിക്കുന്ന വിഷവസ്തുക്കളാണ് അഫ്‌ലാടോക്സിൻ‌സ്. അവ അർബുദത്തിന് കാരണമാകുമെന്നാണ് പറയുന്നത്. കാലിത്തീറ്റ വഴിയാണ് ഇത് പാലില്‍ എത്തുന്നതെന്നും സംസ്‌കരിച്ച്‌ എത്തുന്ന പാലിലാണ് രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലെന്നും സര്‍വ്വേയിലൂടെ കണ്ടെത്തി. 

എന്നാല്‍ അഫ്‌ലക്ടോക്‌സിന്റെ അളവു നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്തു സംവിധാനമൊന്നുമില്ല. കൂടാതെ പാലില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണതയും രാജ്യത്ത് വര്‍ധിച്ചുവരുന്നതായും സര്‍വ്വേയില്‍ പറയുന്നു. കടുത്ത കരൾ സമ്മബന്ധമായ രോഗം, മഞ്ഞപ്പിത്തം, അലസത, ഓക്കാനം എന്നിവ ഉണ്ടാകുമെന്നും ഇത് മരണത്തിലേക്ക് നയിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2018 ഫെബ്രുവരിയിൽ നടത്തിയ പഠനങ്ങളിൽ പറയുന്നു.