കുറഞ്ഞ നിരക്കിൽ അലർജി ടെസ്റ്റ് എന്ന രീതിയിൽ പരസ്യം നൽകി രക്തപരിശോധന നടത്തുന്ന അൻജാൻ പാത്ത് ലാബിൻറെ കൃത്യതതയെക്കുറിച്ച് അടുത്ത കൌൺസിൽ മീറ്റിങിൽ ചർച്ച ചെയ്യുമെന്ന് ട്രാവൻകോർ കൊച്ചിൻ മെഡിക്കൽ കൌൺസിൽ(ടിസിഎംസി).
അടുത്തിടെ പ്രത്യക്ഷപ്പെട്ട ലാബിൻറെ പത്രപരസ്യം ഏറെ വിവാദമായി മാറിയിരുന്നു. 6000 രൂപയോളം വരുന്ന അലർജി ടെസ്റ്റുകൾ 3500 രൂപ വരെ കുറഞ്ഞ നിരക്കിൽ നൽകുന്ന ലാബ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിൻറെ സാങ്കേതികതയേയും വിശ്വാസ്യതയേയും കുറിച്ച് ചർച്ച ചെയ്യുമെന്നും ടിസിഎംസി പ്രസിഡണ്ട് ഡോ. റാണി ഭാസ്കരൻ പറഞ്ഞു.
ഇത്തരം മെഡിക്കൽ പരിശോധനാ ലാബുകളെ നിയന്ത്രിക്കാനുള്ള ഉത്തരവ് തങ്ങൾക്കില്ല. എന്നാൽ പരസ്യത്തിൽ പറയുന്ന രണ്ട് ഡോക്ടർമാരുടെ പേരുകൾ ഉള്ളതിനെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും ഡോ. റാണി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്യുമെന്ന് ടിസിഎംസി ഡിസിപ്ലിനറി ആക്ഷൻ കമ്മിറ്റി അംഗം കെ. മോഹനൻ പ്രതികരിച്ചു. ഇത്തരം പരസ്യങ്ങളിൽ പറയുന്നതുപോലെ അലർജി ടെസ്റ്റ് കൃത്യമായി നടത്താനാവില്ല. മാത്രമല്ല അലർജി എപ്പോൾ വേണമെങ്കിലും വന്നേക്കാവുന്ന ഒന്നായതു കൊണ്ടു തന്നെ ഇതിനെ ഒരൊറ്റ രക്തപരിശോധന കൊണ്ട് കണ്ടു പിടിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല.
മുഖ്യധാരാ പത്രങ്ങളുടെ മുൻ പേജുകളിൽ തന്നെ പ്രത്യക്ഷപ്പെടുന്ന ഇത്തരം പരസ്യങ്ങൾ ആളുകളിൽ വലിയ രീതിയിൽ സ്വാധീനം സൃഷ്ടിക്കുന്നവയാണ് എന്നും ഡോ. മോഹനൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അൻജാൻ പാത്ത് ലാബ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരോയൊരു രക്തപരിശോധനയിലൂടെ അലർജിയുടെ കാരണം നിർണയിക്കാമെന്നും രോഗനിർണയമാണ് അലർജി ചികിത്സക്കുള്ള ഏകമാർഗമെന്നും പരസ്യത്തിൽ പറയുന്നു. ഇപ്രകാരം കണ്ടെത്തുന്ന അലർജികൾ ചില പ്രതിരോധ ഉത്തേജകങ്ങളിലൂടെയും ആൻറി അലർജിക് മരുന്നുകളിലൂടെയും ഇമ്യൂണോ തെറാപ്പിയിലൂടെയും ചികിത്സിക്കാമെന്നും പരസ്യത്തിൽ പറയുന്നു.
അതേസമയം വിലകൂടിയ ടെസ്റ്റിന് വളരെ കുറഞ്ഞ വിലയിൽ ഓഫറുമായി എത്തുന്ന ഇത്തരം ഇടങ്ങളിൽ പോയി ടെസ്റ്റ് നടത്തി വഞ്ചിതരാകാതിരിക്കരുതെന്ന നിർദേശവുമായി പല ഡോക്ടർമാരും മുന്നോട്ടു വന്നിരുന്നു. മാത്രമല്ല ഇവിടെ പോയി അലർജി ടെസ്റ്റ് നടത്തിയ രണ്ടു പേരെക്കുറിച്ച് ഡോ. അരുൺ എൻഎം എഴുതിയ ഫേസ്ബുക്ക് കുറിപ്പും ഡോ. ജോഗേഷ് സോമനാഥൻ ചെയ്ത വീഡിയോയും ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ ഓഫർ ടെസ്റ്റ് വാഗ്ദാനം ചെയ്തിരുന്ന അൻജാൻ പാത്ത് ലാബിനെതിരെ കർണാടക സ്വദേശിയായ രംഗസ്വാമി എന്നയാൾ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം തന്നെ പരാതി നൽകിയിരുന്നതായും ഫാക്ട് ഇൻക്വസ്റ്റ് എഴുതിയിരുന്നു. വെറുമൊരു കളക്ഷൻ സെൻറർ മാത്രമാണ് പരസ്യങ്ങളിൽ കാണുന്ന ലാബുകൾ എന്നും ടെസ്റ്റ് നടത്തുന്നത് ചെന്നൈയിലുള്ള കേന്ദ്രത്തിലാണെന്നും വിവരം ലഭിച്ചിരുന്നു.
ടെസ്റ്റിനു ശേഷം ചികിത്സ നൽകുന്നതിനെക്കുറിച്ചോ മരുന്നുകളെക്കുറിച്ചോ ഒന്നും വ്യക്തമായി പരാമർശിക്കാത്ത വിശ്വാസ്യ യോഗ്യമല്ലാത്ത ഇത്തരം ലാബുകളെ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്.
Content Highlights: the Travancore Cochin Medical Council(TCMC) will take up the Aanjan path lab issue with the press council on India.