കഞ്ചാവ് മാഫിയകൾ തിരുവനന്തപുരം നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത്. കഞ്ചാവുപയോഗത്തിന്റെയും കൈമാറ്റത്തിന്റെയും പേരിൽ ഒരു സ്കൂളില്‍ നിന്ന് മാത്രം 15 വിദ്യാർഥികളാണ് പിടിയിലായത്. പല വിദ്യാര്‍ത്ഥികളുടെയും ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തുകയും എക്സൈസ് സംഘം ഇവരെ കൌണ്‍സിലിംഗിന് വിധേയരാക്കുകയും ചെയ്തു.
പ്രസ്തുത സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം എക്സൈസ് സര്‍ക്കിളിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് ഉപയോഗിക്കുന്ന കൂടുതൽ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്താകുകയുമായിരുന്നു. ഇതേതുടർന്നാണ് സ്കൂളില്‍ പരിശോധന നടത്തിയതും 13 പേര്‍കൂടി പിടിയിലായതും.
ഇവരിൽ പലരും കഞ്ചാവ് മാഫിയകളുടെ സ്ഥിരം ഇരകളാണ്. മാത്രമല്ല മരുന്നുപയോഗിക്കുമ്പോഴുണ്ടാകുന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ പലരും ശരീരത്തില്‍ ബ്ളേഡ് കൊണ്ട് വരഞ്ഞ് മുറിവുകളും ഉണ്ടാക്കുകയാണ്. പിടിക്കപ്പെട്ട വിദ്യാർഥികൾക്കെതിരെ മാതൃകാപരമായ നടപടികൾ തന്നെയാണ് സ്കൂള്‍ അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം എക്സൈസ് ശക്തമാക്കിയിരിക്കുന്നു.