പാലക്കാട് ഗവൺമെന്റ് കോളേജിലെ കോളേജ് ഡേ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ അപമാനിച്ചു. ഒരു മൂന്നാം കിട നടനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് അനിൽ രാധാകൃഷ്‌ണൻ പറഞ്ഞതിനെ തുടർന്ന് സംഘാടകരും അധ്യാപകരും ബിനീഷ് ബാസ്റ്റിനെ തടയുകയായിരുന്നു. എന്നാൽ തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ അനിൽ രാധാകൃഷ്ണമേനോൻ സംസാരിക്കുന്ന അതേ വേദിയിൽ കുത്തിയിരുന്നാണ് ബിനീഷ് തന്റെ പ്രതിക്ഷേധം അറിയിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജ് ഡേയ്‌ക്ക് മുഖ്യാതിഥിയായ നടൻ ബിനീഷ് ബാസ്റ്റിനേയും മാഗസിൻ റിലീസ് ചടങ്ങിന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെയുമാണ് സംഘാടകർ തീരുമാനിച്ചിരുന്നത്. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. അനിൽ രാധാകൃഷ്ണമേനോൻ മാഗസിൻ റിലീസ് ചടങ്ങ് കഴിഞ്ഞു തിരിച്ച് പോയതിനു ശേഷം ബിനീഷ് ബാസ്റ്റിനോട് വേദിയിൽ എത്തിയാൽ മതിയെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ നടൻ ബിനീഷ് ബാസ്റ്റിൻ കോളേജ് ഡേയ് നടക്കുന്ന വേദിയിലെത്തി സ്റ്റേജിലെ തറയിൽ കുത്തിയിരുന്ന് തൻറെ പ്രതിക്ഷേധം രേഖപ്പെടുത്തി. സംഘാടകരും അധ്യാപകരും എത്തി ബിനീഷ് ബാസ്റ്റിനോട് കസേരയിൽ കയറി ഇരിക്കാൻ പറഞ്ഞുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ആ സമയമത്രയും അനിൽ രാധ്യകൃഷ്ണ മേനോൻ സദസ്സിൽ പോഡിയത്തിനരികിൽ നിൽപ്പുണ്ടായിരുന്നു.
‘ ഞാൻ മേനോനല്ല , നാഷണൽ അവാർഡ് ജേതാവുമല്ല. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത് ഞാനൊരു സാധാരണ ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിലൂടെ ചെറിയ വേഷങ്ങൾ ചെയ്‌ത് വന്ന ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ഒരവസരം കിട്ടിയത്. അതുവഴിയാണ് സ്ഥാനക്കയറ്റം ലഭിച്ചതും’ ബിനീഷ് പറഞ്ഞു. വിദ്യാഭ്യാസമില്ലാത്ത ആളാണ് ഞാൻ അതിനാൽ പറയാനുള്ളത് ഞാൻ എഴുതികൊണ്ട് വന്നിട്ടുണ്ട്. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം അത് വായിച്ചു . ‘ മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല എന്നല്ല പ്രശ്നം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അപമാനമാണ് ഇത്’. ഇത്രയും പറഞ്ഞ് അദ്ദേഹം വേദി വിട്ടു.
പlത്താം ക്ലാസ്സിൽ തോറ്റ ബിനീഷ് ബാസ്റ്റിൻ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. തികച്ചും അവിചാരിതമായാണ് ബിനീഷ് ബാസ്റ്റിൻ സിനിമ ലോകത്തേക്കെത്തുന്നത്. നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങൾ ചെയ്തു വന്നിരുന്ന ബിനീഷിനെ ലോകം അറിഞ്ഞു തുടങ്ങിയത് വിജയ് നായകനായ തെരി എന്ന സിനിമയിലൂടെയാണ്.
സോഷ്യൽ മീഡിയ ലോകം വലിയ പ്രതിക്ഷേധമാണ് അനിൽ രാധകൃഷ്ണ മേനോനെതിരെ ഉയർത്തിയിരിക്കുന്നത്. സിനിമാ രംഗത്ത് ഉൾപ്പടെയുള്ളവർ ബിനീഷിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിൽ സംവിധായകൻ അനിൽക്കൃഷ്ണ മേനോൻ നടൻ ബിനീഷ് ബാസ്റ്റിനോട് മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെയിട്ടുണ്ട് ” ബിനീഷിനുണ്ടായ വിഷമത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ” പേരിനൊപ്പം മേനോൻ എന്നുണ്ട് എന്നു കരുതി സവർണനായി മുദ്ര കുത്തരുത് ഇങ്ങനെ ആയിരുന്നു അനിൽ രാധാകൃഷ്ണ മേനോന്റെ വാക്കുകൾ.