നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; സമരത്തില്‍ വലഞ്ഞ് ജനങ്ങള്‍

യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. സമരം സംസ്ഥാനത്തെ ബസ് ഗതാഗതം സ്തംഭിപ്പിച്ചു. 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിച്ചത്. സമരാനുകൂലികള്‍ തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവറെ മര്‍ദ്ദിച്ചു.

സമരം ചെയ്യുന്ന ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. സംഘടനകളുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ സമരം ദീര്‍ഘ ഹ്രസ്വദൂര സര്‍വീസുകളെ സാരമായി ബാധിച്ചു. അയ്യാരിത്തോളം സര്‍വീസുകള്‍ നടത്തേണ്ടിടത്ത് ഇന്ന് ആകെ
മൂവായിരത്തിൽ താഴെ സര്‍വീസുകള്‍ മാത്രമാണ് ഓടിയത്. തമ്പാനൂരിലെ  ഡിപ്പോയില്‍ 40 ബസുകളുടെ സ്ഥാനത്ത് 12 ബസുകള്‍ മാത്രമാണ് പുറപ്പെട്ടത്. ആലപ്പുഴ- 110, കാസര്‍കോട്- 46, കൊല്ലം- 75 എന്നിങ്ങനെയാണ് സര്‍വീസുകള്‍ മുടങ്ങിയത്.

ശമ്പളം മുടങ്ങുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. ട്രാന്‍പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിലാണ് ഏകദിന പണിമുടക്ക്.