സാമൂഹ്യമാധ്യമങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിച്ച് ഐസർ. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആൻറ് എജുക്കേഷനാണ് വിദ്യാർത്ഥികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. SC/ST വിഭാഗത്തിൽപ്പെടുന്ന ഒരു അധ്യാപകനെ മാനസിക പീഡനം നടത്തിയവരിൽ ഒരാളായ ഐ. ഐ. ടി. കാൺപൂരിലെ പ്രൊഫസർ സഞ്ജയ് മിത്തിലിൻറെ പ്രഭാഷണം ഐസർ തിരുവനന്തപുരം ക്യാമ്പസിൽ ഒരു വിഭാഗം കുട്ടികൾ ബഹിഷ്കരിച്ച സംഭവം നടന്നതിന് പിന്നാലെയാണ് സർക്കുലർ അധികൃതർ പുറത്തിറക്കുന്നത്.
സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്നും മുമ്പ് ഷെയർ ചെയ്ത പോസ്റ്റുകൾ പതിനഞ്ച് ദിവസത്തിനുള്ളിൽ നീക്കാത്ത പക്ഷം വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളുടെ ഇ-മെയിൽ വഴിയാണ് ഡീൻ സർക്കുലർ കെെമാറിയത്. ട്രോളുകൾ പോലും സാമൂഹ്യ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യാൻ പാടില്ലെന്നാണ് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം.
ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നായി 600 പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപമാണ് ഐസർ. വർഷങ്ങളായി ക്യാമ്പസ് രാഷ്ട്രീയം ഇവിടെ അനുവധിച്ചിട്ടില്ല എന്ന് മാത്രമല്ല വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പരാതിപ്പെടാനോ പ്രതികരിക്കാനോ ഒരു മാർഗവുമില്ല. കേളേജിൻറേ വിവേചനത്തിനെതിരെ പ്രതികരിക്കാൻ ശ്രമിച്ച പലർക്കെതിരേയും ഐസർ അധികൃതർ മുമ്പ് പ്രതികാര നടപടികൾ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ളവർക്കും കേളേജിനെതിരെ സംസാരിക്കാൻ ഭയമാണ്. ചോദ്യം ചെയ്യുന്ന കുട്ടികളുടെ സർട്ടിഫിക്കറ്റ് അധികൃതർ തടഞ്ഞുവയ്ക്കുന്ന രീതിയും ഉണ്ട്. ഐസറിൻറെ ഇത്തരം പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകടമായാൽ സ്ഥാപനത്തിന് തിരിച്ചടിയാകും എന്നതുകൊണ്ടാണ് ഇത്തരം നിർദ്ദേശങ്ങളും സർക്കുലറുകളും പുറത്തിറങ്ങുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിക്കെതിരെ അഭിപ്രായം പങ്കുവെക്കുന്നതിന് എതിരെ തിരുവനന്തപുരം ഐസർ അധികൃതർ പുറത്തുവിട്ട സർക്കുലർ കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.