സ്വകാര്യ ആശുപത്രികള്‍ ‘കാരുണ്യ’ പദ്ധതിയില്‍ നിന്ന് പിന്മാറുന്നു

സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പൂര്‍ണ്ണമായി പിന്മാറുന്നു.ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ഒക്ടോബര്‍ 31 വരെ 50 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളുടെ ഈ തീരുമാനം.ഡിസംബര്‍ മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആനൂകൂല്യം ലഭിക്കുന്നതല്ല.ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (കെ.പി.എച്ച്.എ) യോഗത്തിലാണ് തീരുമാനമായത്.

അസോസിയേഷനില്‍ അംഗങ്ങളായ 1362 സ്വകാര്യ ആശുപത്രികളില്‍ 198 ആശുപത്രികളാണ് കാസ്പ് പദ്ധതിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇവര്‍ക്ക് സെപ്തംബര്‍ മുതല്‍ ഒരു തുകയും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഈ ബാദ്ധ്യത താങ്ങാനാവില്ലെന്നും കെ.പി.എച്ച്.എ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊത്തം പ്രീമിയം തുകയായ 560 കോടി രൂപയില്‍ 90 കോടി മാത്രമാണു സര്‍ക്കാരിൽ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്നും അതുപ്രകാരമുള്ള തുക കമ്പനി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ടന്നും ഇന്‍ഷ്വറന്‍സ് കമ്പനി അസോസിയേഷനെ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്ന കാര്യം ഇന്ന് സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുമെന്ന് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.പി.എച്ച്.എ സംസ്ഥാന ട്രഷറര്‍ ഡോ. ഇ.കെ. രാമചന്ദ്രന്‍, ഭാരവാഹികളായ പി.ടി. ഷൗജാദ്, അഡ്വ. ഷേബ ജേക്കബ്, അഡ്വ. ടി.പി. തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content highlights ; Private hospitals leave from goverment’s Karunya plan

LEAVE A REPLY

Please enter your comment!
Please enter your name here