ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ ഫീച്ചറോടെ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്തവർക്ക് ബാറ്ററി പ്രശ്‌നം രൂക്ഷമാണെന്ന് റിപ്പോർട്ട്. ഫിംഗർപ്രിൻ്റ് ലോക്ക്, ഗ്രൂപ്പ് സ്വകാര്യത, ഡാർക്ക് തീം തുടങ്ങി നിരവധി മാറ്റങ്ങളുമായി അവതരിപ്പിച്ച വാട്സാപ്പിൻറെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്‌തവർക്കാണ് ബാറ്ററി പ്രശ്‍നം അനുഭവപ്പെട്ടത്.
മുൻനിര ഫോണുകളിൽ പോലും ബാറ്ററി പെട്ടെന്ന് തീരുന്നുണ്ടെന്നാണ് പരാതി. വൺപ്ലസ്, സാംസങ് ഹാൻഡ്സെറ്റുകളിലാണ് ഈ പ്രശ്നം കാര്യമായി കണ്ടെത്തിയത്. ശരാശരി 33 – 40 ശതമാനം ബാറ്ററി ഡ്രെയിനേജ് അനുഭവപ്പെടുകയാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌ത സാംസങ് ഗ്യാലക്‌സി എസ് 10 സീരീസ്, ഗ്യാലക്‌സി നോട്ട് 10 സീരീസ് എന്നിവയുടെ ഉപയോക്താക്കളും സമാന പരാതി ഉന്നയിച്ചതായാണ് വിവരം. എന്നാൽ വാട്‌സാപ്പ് ഇതുവരെ ഇക്കാര്യത്തിൽ ഇടപെട്ടില്ല. ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് പ്ലേ സ്റ്റോറിൽ നിന്ന് വീണ്ടും ഇൻസ്റ്റാൾ ചെയ്‌താൽ പ്രശ്‌നമുണ്ടാകില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
Content highlight; Battery drainage problem based on WhatsApp new update.